സംസ്ഥാനത്തെ നഗരസഭകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പളം, പെന്‍ഷന്‍, മുനിസിപ്പല്‍ പരിധിക്കുള്ളിലെ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നടത്തിപ്പ് തുടങ്ങിയവയ്ക്ക് തനത് ഫണ്ടില്‍ നിന്ന് തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ് നഗരസഭകള്‍.
നേരാം വണ്ണം ശമ്പളം നല്‍കാനും പെന്‍ഷന്‍ ഫണ്ടിലേക്ക് തുക അടയ്ക്കാനും കഴിയാത്ത സാഹചര്യമുണ്ട് പല മുനിസിപ്പാലിറ്റികളിലും. പലയിനങ്ങളിലായി കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ നഗരസഭകള്‍ക്ക് കൊടുത്തു തീര്‍ക്കാനുമുണ്ട്.
ഇതിന് പുറമെ, ശമ്പളം, പെന്‍ഷന്‍ ഇനത്തിലുണ്ടാകുന്ന അധിക ബാധ്യത തീര്‍ക്കാന്‍ തനത് ഫണ്ടിന്റെ 20 ശതമാനം ഉപയോഗിക്കണമെന്ന, മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കുട്ടി അഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ രൂപവത്ക്കരിച്ച സമിതിയുടെ നിര്‍ദ്ദേശം നഗരസഭകള്‍ക്ക് കൂനിന്മേല്‍ കുരുവായി. മുനിസിപ്പല്‍ ഭരണരംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചതായിരുന്നു സമിതിയെ.
സംസ്ഥാനത്തെ നഗരസഭകള്‍ 210 കോടി രൂപയാണ് വര്‍ഷം ശമ്പളത്തിനും പെന്‍ഷനുമായി ചെലവഴിക്കുന്നത്. ഇതില്‍ 78 കോടി ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും 20 ശതമാനം നഗരസഭകളുടെ വരുമാനത്തില്‍ നിന്നും നല്‍കണമെന്നാണ് നിര്‍ദ്ദേശം. ബാക്കി 90 കോടി അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാര്‍ വഹിക്കും. പിന്നീട് ഓരോ വര്‍ഷവും നികുതി പരിഷ്‌ക്കരിച്ച് ബാധ്യത മുഴുവന്‍ നഗരസഭകള്‍ ഏറ്റെടുക്കണം.
തൊഴില്‍, കെട്ടിട, വിനോദ നികുതികളാണ് നഗരസഭകളുടെ പ്രധാന വരുമാനം. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. നഗരസഭ പരിധിക്കുള്ളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍, താലൂക്ക് ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കൃഷി ഭവനുകള്‍ എന്നിവയുടെ വൈദ്യുതി ചാര്‍ജ്ജ്, കുടിവെള്ളക്കരം എന്നിവ അതത് മുനിസിപ്പാലിറ്റികളാണ് അടയ്ക്കുന്നത്. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതും നഗരസഭകളാണ്. പ്ലാന്‍ഫണ്ട് അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ നഗരസഭകളുടെ വരുമാനമാണ് ഇത്തരം അവസരങ്ങളില്‍ ഉപയോഗിക്കുന്നത്. ഈ ബാധ്യതകള്‍ക്ക് പുറമെയാണ് സമിതിയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍. സമീപ കാലത്ത് പഞ്ചായത്തുകള്‍ നഗരസഭകളായി മാറിയ ഇടങ്ങളിലും കൂടുതല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഇല്ലാത്തിടത്തും ഇത് ഏറെ പ്രശ്‌നങ്ങളുണ്ടാക്കും.
സാമ്പത്തിക പ്രതിസന്ധി മൂലം പല മുനിസിപ്പാലിറ്റികളിലും ശമ്പളം വൈകുന്നു. ജീവനക്കാരില്‍ നിന്ന് പിടിക്കുന്ന പി എഫ് വിഹിതം പോലും കൃത്യമായി അടയ്ക്കാന്‍ നിവൃത്തിയില്ലാത്ത നഗരസഭകളുമുണ്ട്. ശമ്പളം ആദ്യം കിട്ടാന്‍ ജീവനക്കാരും കണ്ടിജന്‍സി തൊഴിലാളികളും തമ്മില്‍ തര്‍ക്കവും പലയിടത്തും സാധാരണമാണ്. ഒരു നഗരസഭ ചെയര്‍മാന്‍, ശമ്പളം കൊടുക്കാന്‍ ഭാര്യയുടെ സ്വര്‍ണ്ണം പണയം വച്ച് പണം സ്വരൂപിച്ചത് കുറെ നാള്‍ മുമ്പ് വാര്‍ത്തയായിരുന്നു. സാമ്പത്തിക ഞെരുക്കം മൂലം പലയിടത്തും വികസന പ്രവര്‍ത്തനങ്ങള്‍ നേരാംവണ്ണം നടക്കുന്നില്ല. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ തല്‍ക്കാലത്തേക്ക് മരവിച്ചു നില്‍ക്കുകയാണെങ്കിലും എപ്പോഴാണ് ഇത് നഗരസഭകളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയെന്ന് നിശ്ചയമില്ല. നിലവിലുള്ള സ്ഥിതിയില്‍ത്തന്നെ ജീവനക്കാരും തൊഴിലാളികളും ആശങ്കയിലാണ്. നിലവിലുള്ള പ്രതിസന്ധി ചെറിയ തോതിലെങ്കിലും പരിഹരിക്കാന്‍ പെന്‍ഷനെങ്കിലും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് നഗരസഭ ചെയര്‍മാന്‍മാര്‍ ആവശ്യപ്പെടുന്നത്. മുനിസിപ്പാലിറ്റികള്‍ക്ക് വിവിധ ഇനങ്ങളിലായി സര്‍ക്കാര്‍ നല്‍കാനുള്ള കോടിക്കണക്കിന് രൂപയുടെ കാര്യത്തില്‍ മിണ്ടാട്ടമില്ലാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ