കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ നാലു സ്റ്റേഷനുകള്‍ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില തീരുമാനിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, മാധവ ഫാര്‍മസി ജംഗ്‌ഷന്‍, മഹാരാജാസ് കോളജ് ഗ്രൗണ്‌ട് എന്നിവിടങ്ങളിലെ സ്റ്റേഷനുകള്‍ക്കായുള്ള ഭൂമിവിലയാണു നിശ്ചയിച്ചത്.
പാലാരിവട്ടം ജംഗ്‌ഷനില്‍ സ്റ്റേഷന്‍ നിര്‍മാണത്തിനു രണ്‌ടു ഭാഗങ്ങളിലായി 1.03 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. സെന്റിന് 22 ലക്ഷം രൂപ നല്‍കാന്‍ ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി തീരുമാനിച്ചു. മാധവ ഫാര്‍മസി ജംഗ്‌ഷനില്‍ 41 സെന്റ് ഭുമിയാണ് ഏറ്റെടുക്കുന്നത്. സെന്റിന് 52 ലക്ഷം രൂപയാണു നിശ്ചയിച്ചത്. മഹാരാജാസ് കോളജ് ഗ്രൗണ്‌ടിന് എതിര്‍വശവും ഈ വില നല്‍കും. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് എതിര്‍വശത്തെ ഭൂമിക്ക് സെന്റിന് 24 ലക്ഷം രൂപ നല്‍കും.
ലിസി ജംഗ്‌ഷന്‍, എളംകുളം ജംഗ്‌ഷന്‍, കടവന്ത്ര എന്നിവിടങ്ങളിലെ സ്റ്റേഷന്‍ നിര്‍മാണത്തിനുള്ള ഭൂമിക്ക് അടുത്ത യോഗത്തില്‍ വില നിശ്ചയിക്കും. അമ്പാട്ടുകാവ്, കുസാറ്റ്, തൈക്കൂടം, പേട്ട, ഗാന്ധിഭവന്‍ ഭാഗത്ത് സ്റ്റേഷനുകള്‍ക്കായുള്ള ഭൂമി റവന്യൂ അധികൃതര്‍ കൊച്ചി മെട്രോയ്‌ക്ക് ഉടന്‍ കൈമാറും. 31നകം മെട്രോ റെയിലിന്റെ ഭാഗമായുള്ള മുഴുവന്‍ ഭൂമിയും ഏറ്റെടുക്കുമെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു.
മുട്ടത്ത് മെട്രോ വില്ലേജ് നിര്‍മാണത്തിനാവശ്യമായ 230 ഏക്കര്‍ ഭൂമി അടിയന്തര വ്യവസ്ഥ പ്രകാരം ഏറ്റെടുക്കാനുള്ള നടപടി പൂര്‍ത്തിയായതായി കളക്ടര്‍ പി.ഐ. ഷേക്ക് പരീത് പറഞ്ഞു. രണ്‌ടു ദിവസത്തിനകം വിജ്ഞാപനം പുറത്തിറങ്ങും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ