2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

കാന്‍വാസില്‍ പ്രകൃതിയെ അണിയിച്ചൊരുക്കു്‌ന നിമ്മി ചമ്മിണികോടത്ത്‌

ക്യാന്‍വാസില്‍ പ്രകൃതിയെ അണിയിച്ചൊരുക്കുകയായിരുന്നു നിമ്മി. വനത്തെയും പ്രകൃതിയെയും അറിഞ്ഞ് തേക്കടിയുടെ വശ്യഭംഗി ആവോളം നുകര്‍ന്ന് നടത്തിയ രചന. അത് ആ ചിത്രത്തിലുടനീളം നിറഞ്ഞു നിന്നിരുന്നു.  കടുവയും കടുവയുടെ വിവിധ ഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന  കണ്ണുകളും കാന്‍വാസില്‍ നിമ്മിയുടെ ചിത്രരചനയ്ക്ക് വിഷയമായി.
ചെറുപ്രായത്തില്‍ മുതല്‍ കൊച്ചി ചമ്മണിക്കോടത്ത് നിമ്മിക്ക് ചിത്രകല കൈമുതലായിരുന്നു. ഒരിക്കല്‍പോലും അതിനെവിട്ടൊരു ജീവിതം ആഗ്രഹിച്ചിരുന്നുമില്ല. അതുകൊണ്ടുതന്നെയാണ്  ആലുവ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്നും പ്രീഡിഗ്രി കഴിഞ്ഞിറങ്ങിയപ്പോള്‍ ചിത്രരചയില്‍ ബിരുദം എന്ന തീരുമാനത്തിലെത്തിയത്. തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളജില്‍ നിന്നും പെയിന്റിംഗില്‍ ബിരുദം മാത്രമല്ല, മാസ്റ്റര്‍ ബിരുദവും കൈമുതലാക്കി. 
അച്ഛന്‍ ജോസഫും, അമ്മ മോളിയും പിന്തുണയുമായി കുഞ്ഞായിരുന്നപ്പോള്‍ കൂടെനിന്നെങ്കില്‍ ഇന്ന് നിമ്മിക്ക് ചിത്രരചനയില്‍ കൂട്ടായി നില്‍ക്കുന്നത് ഇന്‍ഫോ പാര്‍ക്കിലെ ഐ ടി പ്രൊഫഷണല്‍ കൂടിയായ ഭര്‍ത്താവ് മെല്‍വിനാണ്.  കേരള ലളിതകലാ അക്കാദമിയുടെ 2009ലെ അവാര്‍ഡ് ജേതാവ്  കൂടിയായ നിമ്മി ഇതുവരെ പന്ത്രണ്ടോളം പ്രദര്‍ശനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. ഇതില്‍ അഞ്ചെണ്ണം കേരളലളിതകലാ അക്കാദമി സംഘടിപ്പിച്ചതാണ്. രണ്ടെണ്ണം സോളോയും. ഏഴോളം ക്യാമ്പുകളില്‍ പങ്കെടുത്ത അനുഭവവുമായാണ് നിമ്മി ഇത്തവണ ലളിതകലാഅക്കാദമിയുടെ നേച്ചര്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ തേക്കടിയിലെത്തിയത്.  കാട്ടിലൂടെ സഞ്ചരിച്ച് കാടിനെ അറിഞ്ഞ ശേഷമായിരുന്നു ചിത്ര രചന ആരംഭിച്ചത്. കാട് നല്കിയ സൗന്ദര്യ അനുഭവങ്ങളുടെ നിറവ് ചിത്രങ്ങളില്‍ പ്രതിഫലിച്ചു. 
ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ് ലഭിച്ച  കലാകാരന്‍മാരെ പങ്കെടുപ്പിച്ച് തേക്കടിയിലാണ്  'പെരിയാര്‍ നേച്ചര്‍ ആര്‍ട്ട് ക്യാമ്പ്' സംഘടിപ്പിച്ചത്. സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍  അഞ്ചു വരെ വനം വകുപ്പിന്റെ തേക്കടിയിലുള്ള ബാംബു ഗ്രോവിലും വള്ളക്കടവിലെ ക്യാമ്പ് സൈറ്റിലുമായിരുന്നു ചിത്ര രചന. സാസ്‌കാരിക വകുപ്പും കേരള ലളിതകലാ അക്കാദമിയും വനം-വന്യജീവി വകുപ്പും സംയുക്തമായാണ്  ആര്‍ട്ട് ക്യാമ്പ് സംഘടിപ്പിച്ചത്. ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ എ ഫ്രാന്‍സിസ്, ലളിതകലാ അക്കാദമി എക്‌സിക്യൂട്ടീവ് അംഗവും ക്യാമ്പ് കണ്‍വീനറുമായ ടി ആര്‍ ഉദയകുമാര്‍ എന്നിവര്‍ ആറു ദിവസത്തെ ക്യാമ്പിനു നേതൃത്വം നല്‍കി. 
മറ്റ് ക്യാമ്പുകളില്‍ ലഭിക്കാത്ത പുതുമയാര്‍ന്ന അനുഭവമായിരുന്നു തനിക്ക് തേക്കടിയിലെ ക്യാമ്പില്‍ ലഭിച്ചതെന്ന് നിമ്മി പറയുന്നു. കൊച്ചിയിലെ ഒരു കിന്റര്‍ ഗാര്‍ട്ടനിലെ ജീവനക്കാരി കൂടിയായ നിമ്മി പക്ഷേ, വീട്ടിലെത്തിയാല്‍ തിരക്കിലാവും. തന്റെ ചിത്രരചനയ്‌ക്കൊപ്പം ഒരു ചെറിയ ചിത്രകാരിക്ക് കൂടി പരിശീലനം നല്‍കണം. നാലരവയസ്സുകാരി മകള്‍ക്ക്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ