2013, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

കാലടിക്ക്‌ നിത്യചൈതന്യമായി കാലടി ശ്രീശങ്കര സ്‌തൂപം


കാലടി പട്ടണത്തിന്റെ പെരുമ വിളിച്ചറിയിക്കുന്ന ശ്രീശങ്കര സ്‌തൂപം രൂപം കൊണ്ടും പവിത്രത കൊണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നു.
ജന്മം കൊണ്ട്‌ കേരളത്തേയും കര്‍മം കൊണ്ട്‌ ഭാരതത്തേയും ലോകത്തേയും ധന്യമാക്കിയ പരിപാവന ജീവിതത്തിനുടമയായിരുന്ന അധൈ്വത ആചാര്യനായ ശങ്കരാചാര്യരുടെ ജന്മം കൊണ്ട്‌ പരിപാവനമാണ്‌ പെരിയാറിന്റെ തീരത്തുള്ള കാലടി. ഇന്നത്തെ യാത്രാസൗകര്യങ്ങള്‍ അല്‍പ്പംപോലും ഇല്ലാതിരുന്ന നൂറ്റാണ്ടുകള്‍ക്ക്‌ അപ്പുറം കന്യാകുമാരി മുതല്‍ ഹിമാലയം വരെ കുറഞ്ഞ സമയം കൊണ്ട്‌ മൂന്നു വട്ടം ചുറ്റി സഞ്ചരിച്ചു ഹിന്ദുമതത്തെ നവീകരിച്ച ശ്രീശങ്കരന്റെ ഓര്‍മ്മകളിലൂടെയാണ്‌ കാലടി ലോകപ്രശസ്‌തമാകുന്നത്‌.. ശങ്കരാചാര്യരുടെ സ്‌മരണ നിലനിര്‍ത്താന്‍ സ്ഥാപിച്ചിരിക്കുന്ന അംബരചുംബിയായ എട്ടുനിലകളിലുള്ള സ്‌തൂപം ചരിത്രവിദ്യാര്‍ഥികളെയും വിനോദസഞ്ചാരികളെയും ഇവിടേക്കു ആകര്‍ഷിക്കുകയാണ്‌.
തമിഴ്‌നാട്ടിലെ ചിദംബരം നടരാജ ക്ഷേത്രത്തിന്റെ മാതൃകയില്‍ കാഞ്ചികാമകോടി പീഠം സ്ഥാപിച്ചിരിക്കുന്ന ശ്രീശങ്കരകീര്‍ത്തി മണ്ഡപം എന്ന പേരില്‍ അറിയപ്പെടുന്ന ഈ സ്‌തൂപം 1978ല്‍ ശങ്കരാചാര്യരുടെ ജയന്തി ദിനമായ മെയ്‌ 12 നു അന്നത്തെ രാഷ്‌ട്രപതി എം. സഞ്‌ജീവ റെഡിയാണ്‌ പൊതുജനങ്ങള്‍ക്കായി തുറന്നകൊടുത്തത്‌. എട്ടുനിലകളിലായി പണിതിരിക്കുന്ന ഈ കീര്‍ത്തി സ്‌തംഭത്തില്‍ ശങ്കരാചാര്യരുടെ ജനനം മുതല്‍ മരണം വരെയുള്ള ചരിത്രങ്ങള്‍ മുഴുവനും കല്ലില്‍ ആലേഖനം ചെയ്‌തിട്ടുണ്ട്‌. കാഞ്ചികാമകോടി പീഠത്തിന്റെ കീഴില്‍ പണിതുയര്‍ത്തിയിരിക്കുന്ന ഈ സ്‌തൂപം കാലടിക്കു തിലകക്കുറി ചാര്‍ത്തിക്കൊണ്ട്‌ പട്ടണ മധ്യത്തില്‍ പ്രവേശന കവാടത്തില്‍ തന്നെ തലയുയര്‍ത്തി നില്‍ക്കുകയാണ്‌.
നെടുമ്പാശേരി അനാരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവേശനകവാടം കൂടിയാണ്‌ കാലടി. ഭൂമി നീരപ്പില്‍ നിന്നും 152 അടി പൊക്കത്തില്‍ തലയടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന സ്‌തൂപത്തില്‍ ഓരോ നലിയിലും 21 അറകളാണുള്ളത്‌. ഓരോ മൂന്നു അറകള്‍ കഴിയുമ്പോഴും ഏഴ്‌ ആരോഹണ അവരോഹണ വ്യത്യാസങ്ങളുണ്ട്‌. താഴത്തെ നിലയായ പദുക മണ്ഡപത്തില്‍ ദക്ഷിണമൂര്‍ത്തി ക്ഷേത്രമാണ്‌ .രണ്ടാമത്തെ നിലയില്‍ ശ്രീകൃഷ്‌ണനേയും മൂന്നാമത്തെ നിലയില്‍ ഗണപതിയേയും നാലാമത്തെ നിലയില്‍ സുബ്രഹ്മണ്യനേയും അഞ്ചാമത്തെ നിലയില്‍ സൂര്യഭഗവാനെയും ആറാമത്തെ നിലയില്‍ ശക്തിദേവിയേയും ഏഴാമത്തെ നിലയില്‍ വിഷ്‌ണു ഭഗവാനെയും എട്ടാമത്തെ നിലയില്‍ ശിവനേയുമാണ്‌ പ്രതിഷ്‌ഠിച്ചിട്ടുള്ളത്‌.
സ്‌തൂപത്തിനു രണ്ടു കിലോമീറ്റര്‍ അകലെയുള്ള ശ്രീശങ്കര മഠതത്തിലാണ്‌ ശ്രീശങ്കരാചാര്യരുടെ മാതാവ്‌ ആര്യഅംബയെ അടക്കം ചെയ്‌തിരിക്കുന്നത്‌. ഇതിനു സമീപത്തുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ്‌ എട്ടാമത്തെ വയസില്‍ ശ്രീശങ്കരനെ മുതല പിടിക്കുന്നത്‌. ശ്രീങ്കര മഠത്തിലും ശ്രീശങ്കരാചാര്യരുടെ ജനനം മുതല്‍ സമാധിവരെയുള്ള ചരിത്രങ്ങള്‍ ആലേഖനം ചെയ്‌തിട്ടുണ്ട്‌. ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന കാലടി പട്ടണത്തില്‍ ശിരസുയര്‍ത്തി നില്‍ക്കുന്ന ശങ്കരസ്‌തൂപം കാണുവാന്‍ കാലങ്ങള്‍ കഴിഞ്ഞിട്ടും സഞ്ചാരികള്‍ എത്തുകയാണ്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ