2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

സൈക്കിളിലേക്കൊരു മടക്കയാത്ര


കൊച്ചി: ഗാന്ധിജയന്തി ദിനത്തില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ദേശീയ ഗ്രാമീണാരോഗ്യദൗത്യം, വിവിധ ആരോഗ്യസേവനദാതാക്കള്‍, വിദ്യാഭ്യാസവകുപ്പ്, ഗാന്ധിഭവന്‍, പൊലീസ്, എക്‌സൈസ്, സോഷ്യല്‍ ഫോറസ്ട്രി തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജീവിതശൈലീരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സൈക്കിളിലേക്കൊരു മടക്കയാത്ര പരിപാടിയുടെ സ്വാഗതസംഘം രൂപീകരണയോഗം സെപ്തംബര്‍ 23ന് ഉച്ചയ്ക്കുശേഷം രണ്ടിന് കളക്‌ട്രേറ്റില്‍ ജില്ല കളക്ടറുടെ ചേമ്പറില്‍ ചേരും. യോഗത്തിനുള്ള നോട്ടീസ് ഇതിനകം അയച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള സന്നദ്ധസംഘടന പ്രതിനിധികള്‍ക്കും യോഗത്തില്‍ പങ്കെടുക്കാവുന്നതാണെന്ന് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല അറിയിച്ചു.
ഗോശ്രീ റോഡില്‍ ചാത്യാത്ത് പള്ളിക്കുസമീപത്തു നിന്നാരംഭിച്ച് എറണാകുളം രാജേന്ദ്രമൈതാനിയിലാണ് സൈക്കിള്‍ ദിനാചരണ പരിപാടി സമാപിക്കുക. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, സിനിമതാരങ്ങള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുമുള്ളവര്‍ പങ്കെടുക്കും. വാരാചരണക്കാലത്ത് ഓരോ ദിവസവും പ്രത്യേക വിഭാഗങ്ങള്‍ക്കായി സൈക്കിള്‍ ദിനാചരണം സംഘടിപ്പിക്കും. ഒക്‌ടോബര്‍ മൂന്നിന് വ്യവസായമേഖല കേന്ദ്രീകരിച്ച് ഇന്‍ഫോപാര്‍ക്കിലും നാലിന് സര്‍ക്കാര്‍ ഓഫീസുകളിലും അഞ്ചിന് തൊഴിലാളികള്‍ക്കിടയിലും ആറിന് ജനപ്രതിനിധികള്‍ക്കിടയിലും ഏഴിന് അഭിഭാഷകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കിടയിലും എട്ടിന് മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും ജീവിതശൈലി രോഗ പ്രതിരോധത്തിന്റെ ഭാഗമായി സൈക്കിള്‍ ദിനാചരണം സംഘടിപ്പിക്കും.

 വിവിധ ആരോഗ്യവിഭാഗങ്ങള്‍ ജീവിതശൈലിരോഗവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഈ ദിനത്തില്‍ തുടക്കം കുറിക്കും. ആയുര്‍വേദ വകുപ്പിന്റെ ജീവനി പദ്ധതി, ഹോമിയോ, ആരോഗ്യവകുപ്പുകളുടെ ജീവിതശൈലി രോഗ പ്രതിരോധ പ്രവര്‍ത്തനം എന്നിവയാണ് തുടങ്ങുക. ഗാന്ധിജയന്തി ദിനത്തില്‍ രാജേന്ദ്രമൈതാനിയില്‍ വിപുലമായ പരിശോധന ചികില്‍സംവിധാനങ്ങളും ഇതോടനുബന്ധിച്ച് ഒരുക്കും. ദേശീയഗ്രാമീണാരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ സ്‌ക്രീനിങ് പ്രോഗ്രാമുകള്‍, യോഗ പരിശീലനം, ആഹാരരീതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണം എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ