ആലുവ: ഗരമധ്യത്തിലുള്ള ക്രൈസ്‌തവ ദേവാലയത്തിലെ സക്രാരി മോഷ്ടിക്കാന്‍ ശ്രമം. ആലുവ ജീവസ് സ്‌കൂളിനോടു ചേര്‍ന്നുള്ള പുരാതനമായ സെന്റ് ആന്റണീസ് ആശ്രമദേവാലയത്തിലാണു തിരുവോസ്‌തി അടങ്ങിയ സക്രാരി കടത്തിക്കൊണ്‌ടുപോകാന്‍ മോഷ്ടാക്കള്‍ ശ്രമം നടത്തിയത്.
ഞായറാഴ്‌ച കുര്‍ബാനയ്‌ക്കുവേണ്‌ട ഒരുക്കങ്ങള്‍ ചെയ്യാന്‍ ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ കപ്യാര്‍ പള്ളിയിലേക്കു വന്നപ്പോഴാണ് അള്‍ത്താരയില്‍നിന്നു തിരുവോസ്‌തി സൂക്ഷിച്ചിരുന്ന സക്രാരി അപ്രത്യക്ഷമായതു കണ്‌ടത്. തുടര്‍ന്ന് ആശ്രമത്തിലെ വൈദികരെ വിളിച്ചുണര്‍ത്തി അവരുംകൂടി ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണു പള്ളിയുടെ ആനവാതിലിനോടടുത്തു മുന്‍ഭാഗത്തു തെക്കുവശത്തായുള്ള വാതില്‍പ്പടിയില്‍ പകുതിയില്‍ കൂടുതല്‍ പുറത്തേക്കു കടത്തിയ നിലയില്‍ സക്രാരി കണെ്‌ടത്തിയത്.
ഭാരമേറിയ കാസ്റ്റ് അയേണ്‍കൊണ്‌ടു നിര്‍മിച്ച സക്രാരി അള്‍ത്താരയുടെ പടവില്‍നിന്നിറക്കി അള്‍ത്താരയുടെ മുന്‍വശത്തെ കാര്‍പ്പെറ്റില്‍വച്ചു വലിച്ചുനീക്കി കൊണ്‌ടുപോയ നിലയിലായിരുന്നു. അര്‍ധരാത്രിക്കും പുലര്‍ച്ചെ മൂന്നു മണിക്കും ഇടയ്‌ക്കാണു കവര്‍ച്ചാശ്രമം നടന്നിട്ടുള്ളത്. ദേവാലയത്തിന്റെ തെക്കുകിഴക്കുഭാഗത്തെ ജനല്‍പാളി, കോമ്പൗണ്‌ടിലിരുന്നിരുന്ന ചെറിയ നോ പാര്‍ക്കിംഗ് സൈന്‍ബോര്‍ഡിന്റെ ദണ്ഡുപയോഗിച്ചു തിക്കിത്തുറക്കുകയും മരയഴികള്‍ തിക്കി ഒടിക്കുകയും ചെയ്‌തശേഷമാണു മോഷ്ടാക്കള്‍ അകത്തു പ്രവേശിച്ചിരിക്കുന്നത്. അതിനുശേഷം പള്ളിയുടെ വാതിലുകള്‍ തുറന്നിട്ടശേഷമാണു മോഷണശ്രമം നടത്തിയിട്ടുള്ളത്. സക്രാരി കടത്താന്‍ നടത്തിയ ശ്രമത്തിനു പിന്നിലെ ലക്ഷ്യം വ്യക്തമല്ല. പള്ളിയുടെ അകത്തു പലേടത്തായി കാണിക്കപ്പെട്ടികള്‍ ഉണ്‌ടായിരുന്നെങ്കിലും അതൊന്നും തുറക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചിട്ടില്ല. രാവിലെതന്നെ സ്ഥലത്തെത്തിയ ആലുവ പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എ. ഫൈസല്‍ ഇന്‍ക്വസ്റ്റ് തയാറാക്കി. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പുതിയ സക്രാരി സ്ഥാപിച്ചശേഷം ഞായറാഴ്‌ച കുര്‍ബാനകള്‍ പതിവുപോലെ നടത്തി.
പള്ളിയുടെ മുന്‍ഭാഗത്തു റെയില്‍വേ സ്റ്റേഷനിലേക്കു തിരിയുന്ന ഭാഗത്തു പോലീസ് സ്ഥാപിച്ചിട്ടുള്ള ക്ലോസ്‌ഡ് സര്‍ക്യൂട്ട് കാമറദൃശ്യങ്ങള്‍ പരിശോധിച്ചു കുറ്റവാളികളുടെ ചിത്രം പതിഞ്ഞിട്ടുണേ്‌ടായെ ന്നു പോലീസ് വിലയിരുത്തും.
സംഭവമറിഞ്ഞ് ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ടി. ജേക്കബ്, മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.ഒ. ജോണ്‍, കെസിബിസി അല്‌മായ കമ്മീഷന്‍ സെക്രട്ടറിഅഡ്വ. ജോസ് വിതയത്തില്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
സെന്റ് ആന്റണീസ് ദേവാലയം പ്രിയോര്‍ റവ. ഡോ. അഗസ്റ്റിന്‍ തോട്ടക്കരയുടെ പരാതിയെതുടര്‍ന്നു പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്‌ധര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.