കൊച്ചി
അമേരിക്കയിലടക്കം പലരാജ്യങ്ങളിലുമുള്ളതു പോലെ കാലഹരണപ്പെട്ടതും അപകടഭീഷണിയുള്ളതുമായ ഡാമുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനു ഡാം ഡീ കമ്മീഷന്‍ അതോറിറ്റി ഉണ്ടാക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഇനി നിയമപരമായി കേരളത്തിനു കാര്യമായി ഒന്നും ചെയ്യാനില്ല. സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്‍കുന്ന റിവ്യുപെറ്റീഷനു ഇനി യാതൊരു സാധ്യതയുമില്ല. ഈ പെറ്റീഷന്‍ കേരളത്തിനെതിരെ വിധി പ്രഖ്യാപിച്ച സുപ്രിംകോടതിയുടെ മുന്നിലാകും വരുക. അതുകൊണ്ട് തന്നെ ഈ പരാതി ചവറ്റുകൊട്ടയിലേക്കായിരിക്കും പോകുകയെന്നും അഭിഭാഷകന്‍ കൂടിയായ പി.സി തോമസ് മുന്നറിയിപ്പ് നല്‍കി
ഈ സാഹചര്യത്തില്‍ ഡാം ഡീ കമ്മീഷന്‍ അതോറിറ്റി രൂപീകരണത്തിനാണ് കേരളം ആവശ്യം ഉന്നയിക്കേണ്ടത്.1975ല്‍ അമേരിക്കയിലെ ബാന്‍ക്വിയാവോ ഡാം പൊട്ടിയപ്പോള്‍ 12,600 പേര്‍ മരിച്ചു. പിന്നീട് സാംക്രമികരോഗങ്ങള്‍ മൂലം ഒന്നരലക്ഷം പേരോളം മരണമടഞ്ഞു. ഒരു കോടി 10ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. അതിനുശേഷം 20 വര്‍ഷം കൊണ്ട് ആയിരം ഡാമുകള്‍ അമേരിക്കയില്‍ പൊളിച്ചുനീക്കി.
ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് ദുരന്തം 1979ല്‍ ഗുജറാത്തിലെ മോര്‍വി അണക്കെട്ട് തകര്‍ന്നതാണ്. അതിനുശേഷവും മുന്‍പുമായി ആറോളം അണക്കെട്ട് ദുരന്തങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് 50 വര്‍ഷം എന്ന ഡാമിന്റെ ഗ്യാരണ്ടി കാലാവധിയും പിന്നിട്ടു ഇപ്പോള്‍ 119 വര്‍ഷം കടന്നു.ഇനിയും ഈ അണക്കെട്ട് നിലനിര്‍ത്തുക 40 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവിതത്തിനു ഭീഷണിയാണെന്നു കോടതിയെ പറഞ്ഞു മനസിലാക്കാന്‍ കേരള സര്‍ക്കാരിനു കഴിഞ്ഞില്ലെന്നു പി.സി തോമസ് പറഞ്ഞു.
സൗത്ത് ഏഷ്യന്‍ നെറ്റ് വര്‍ക്ക് ഓണ്‍ ഡാംസ് ആന്റ് പീപ്പിള്‍ കോര്‍ഡിനേറ്റര്‍ ഹിമാംശു താക്കൂറിനെപ്പോലെ രാജ്യാന്തര തലത്തില്‍ ഡാമുകളെക്കുറിച്ചു ഗവേഷണങ്ങള്‍ നടത്തിയ വ്യക്തികളുടെ റിപ്പോര്‍ട്ടുകള്‍ സുപ്രിം കോടതിയുടെ മുന്നില്‍ വെക്കാന്‍ കഴിയാതെപോയതാണ് കേരളത്തിന്റെ പരാജയത്തിനു കാരണമായതെന്നു പി.സി തോമസ് വിലയിരുത്തി. മുല്ലപ്പെരിയാര്‍ ഡാം ഇപ്പോഴുള്ള വെള്ളമോ ,അതിന്റെ മര്‍ദ്ദമോ താങ്ങാനുള്ള കഴിവുള്ളതല്ലെന്നു ഹിമാംശു താക്കൂര്‍ 2012 ഫെബ്രുവരിയില്‍ നല്‍കിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം കേരള സര്‍ക്കാര്‍ അറിഞ്ഞതേ ഇല്ല. ഇനി അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിയാല്‍ അപകടം വളരെ വേഗത്തില്‍ എത്തുമെന്നും പി.സി തോമസ് മുന്നറിയിപ്പ് നല്‍കി.
സുപ്രിംകോടതിയില്‍ കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച തെളിവുകള്‍ ദുര്‍ബലമായിരുന്നുവെന്നും പി.സി തോമസ് പറഞ്ഞു. തമിഴ്‌നാട് വളരെ മുന്നൊരുക്കത്തോടെ മുന്നോട്ടുപോയപ്പോള്‍ കേരളം വളരെ ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്‌തതെന്നു പി.സി തോമസ് കുറ്റപ്പെടുത്തി.
കേസില്‍ യഥാര്‍ത്ഥത്തില്‍ തമിഴ്‌നാട് കക്ഷിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1886ല്‍ അന്നത്തെ തിരുവിതാംകൂര്‍ രാജ്യത്തിനെ പ്രതീനിധീകരിച്ചു ദിവാനും ബ്രിട്ടീഷ് ഇന്ത്യയെ പ്രതിനിധീകരിച്ചു ഗവര്‍ണര്‍ ഓഫ് കൗണ്‍സിലും ആണ് കരാറില്‍ ഒപ്പുവെച്ചത്.കരാറിന്റെ കാര്യത്തില്‍ തമിഴ്‌നാടിനു പങ്കില്ലെന്നും പി.സി തോമസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യത്തില്‍ കേരളം അലംഭാവം തുടരുകയാണന്നും അദ്ദേഹം ആരോപിച്ചു. തേനി,കമ്പം തുടങ്ങിയ മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചു കൃഷി ചെയ്യുന്ന തമിഴ്‌നാടിന്റെ ഭാഗത്തുവരുന്ന പ്രദേശങ്ങളില്‍ കേരളത്തിലെ നിരവധി രാഷ്‌ട്രീയ നേതാക്കള്‍ക്കു കൃഷിസ്ഥലങ്ങള്‍ ഉണ്ടെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചൂണ്ടിക്കാട്ടിയതും ഗൗരവമായി എടുക്കണമെന്നു പി.സി തോമസ് പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ