2014, ജൂൺ 22, ഞായറാഴ്‌ച

കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനം തടസപ്പെടുത്തരുതെന്നും

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനം തടസപ്പെടുത്തരുതെന്നും സമരത്തില്‍ നിന്നും സി.പി.എം പിന്മാറണമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗതാഗത കരുക്ക്‌ പരിഹരിക്കാന്‍ സര്‍ക്കാര്‍ ആവുന്നതൊക്കെ ചെയ്‌തിട്ടുണ്ട്‌. ഇനിയും ആവശ്യമായ നടപടി സ്വീകരിക്കാന്‍ തയാറാണ്‌. വിഷയവുമായി ബന്ധപ്പെട്ട്‌ സര്‍വ കക്ഷി യോഗം വിളിക്കാന്‍ തയാറാണെന്നും ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. ഈ മാസം ഏഴിന്‌ തിരുവനന്തപുരത്ത്‌ ചേരുന്ന അവലോകന യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ കേരളത്തിന്റെ മാതൃകാ പദ്ധതിയാണ്‌. ഇത്‌ സമയബന്ധിതമായി തീര്‍ക്കാനുള്ള ശ്രമമാണ്‌ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഈ സാഹചര്യത്തില്‍ നിര്‍മാണം തടസപ്പെടുത്തുന്നത്‌്‌ ശരിയല്ല.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതിന്റെ ഭാഗമായി ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകുക സ്വാഭിവകമാണ്‌.ഇതിനോട്‌ എല്ലാവരം സഹകരിക്കണം.ബുദ്ധിമുട്ടുകള്‍ പരമാവധി കുറയക്കാനുള്ള നടപടികള്‍ സര്‍ക്കാരും കെ.എം.ആര്‍.എല്ലും ചേര്‍ന്ന്‌ സ്വീകരിച്ചിട്ടുണ്ട്‌.നിര്‍മാണം പൂര്‍ണമായും തീരാതെ യാത്രാബുദ്ധിമുട്ട്‌ ശ്വാശതമായി പരിഹരിക്കാന്‍ കഴിയില്ലെന്നും ഇതിനോട്‌ സഹകരിക്കുകയാണ്‌ എല്ലാവരും ചെയ്യേണ്ടതെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. പദ്ധതി പൂര്‍ത്തിയാവാന്‍ നിലവില്‍ നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തില്‍ നിന്നും നാലുമാസമെങ്കിലും താമസം ഉണ്ടാകും പദ്ധതി നടപ്പിലാക്കുമ്പോള്‍ സുതാര്യത ആവശ്യമായതിനാല്‍ അതനുസരിച്ചുളള നടപടിക്രമങ്ങളില്‍ താമസം നേരിടും റോളിംഗ്‌ സ്‌റ്റോക്കിന്റെ കാര്യത്തില്‍ റീടെണ്ടര്‍ വിളിച്ചതും ഇതിന്റെ ഭാഗമാണ്‌. സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷന്റെ നിര്‍ദേശാനുസരണമാണ്‌ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു.കൊച്ചി മെട്രോ പറഞ്ഞ കാലാവധിയില്‍ പൂര്‍ത്തിയായില്ലെങ്കിലും പറ്റുന്നിടത്തോളം ചെയ്‌തെങ്കിലും മെട്രോ ഓടിക്കാനാണ്‌ ശ്രമിക്കുന്നതെന്നും ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. മെട്രോയക്കായി 40 ഏക്കര്‍ സ്ഥലമാണ്‌ വേണ്ടത്‌ ഇതില്‍ 32 ഏക്കര്‍ ഏറ്റെടുത്തുകഴിഞ്ഞു ശേഷിക്കുന്നത്‌ എട്ട്‌ ഏക്കറാണ്‌. മെയ്‌ 16 ന്‌ ശേഷം ഇതിന്‌ പരിഹാരമാകുമെന്നും ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. കേരളത്തില്‍ വികസനകാര്യത്തില്‍ ഭൂമി ലഭിക്കുകയെന്നത്‌ വലിയ ബുദ്ധിമുട്ടാണ്‌. ഭൂമിയുടെ പ്രശ്‌നം നിമിത്തം ശബരി പാത, കുറ്റിപ്പുറം-ഗുരൂവായൂര്‍ ദേശീയ പാത എന്നിവ വര്‍ഷങ്ങളായി എങ്ങുമെത്താതെ കിടക്കുകയാണ്‌. എറണാകുളം-കായംകുളം റെയില്‍പാത ഇരട്ടിപ്പിക്കലും പൂര്‍ത്തിയാകാത്തത്‌ ഭൂമി കിട്ടത്തതിനാലാണ്‌. എല്ലാ പദ്ധതികളും ഇങ്ങനെയായാല്‍ കേരളത്തിന്റെ അവസ്ഥയെന്താകുമെന്നും ആര്യാടന്‍ മുഹമ്മദ്‌ ചോദിച്ചു. മെട്രോയുടെ നിര്‍മാണത്തിന്റെ ഭാഗമായുള്ള ഗതാഗതകുരുക്ക്‌ പരിഹരിക്കാന്‍ തമ്മനം-പുല്ലേപ്പടി റോഡ്‌ വികസനത്തിനായി ഭുമി ഏറ്റെടുക്കുന്നതിന്‌ സര്‍ക്കാര്‍ കൊച്ചി നഗരസഭയക്ക്‌ 50 കോടി രൂപ നേരത്തെ നല്‍കിയിട്ടുള്ളതാണ്‌. ഭൂമി ഏറ്റെടുക്കേണ്ടത്‌ നഗരസഭയുടെ ഉത്തരവാദിത്വമാണ്‌.നഗരസഭ ചെയ്യേണ്ട ജോലികള്‍ വരെ സംസ്ഥാന സര്‍ക്കാര്‍ മെട്രോയുടെ ഭാഗമായി ചെയ്‌തിട്ടുണ്ട്‌. നഗരസഭയക്ക്‌ ചെളിവാരാന്‍ വരെ 2.45 കോടി രൂപ സര്‍ക്കാര്‍ ചിലവഴിച്ചു. നഗരസഭ ചെയ്യേണ്ടതും കൂടി സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട്‌ ചെയ്യിക്കാനാണ്‌ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ