2014, ജൂൺ 22, ഞായറാഴ്‌ച

പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടവും പോലീസും കൈകോര്‍ക്കുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന വരുന്നു


കൊച്ചി
എറണാകുളം ജില്ലയെ പുകയില ഉപയോഗത്തില്‍ നിന്നും മോചിപ്പിക്കുന്നതിനു ജില്ലാ ഭരണകൂടവും പോലീസും കൈകോര്‍ക്കുന്നു. കേരളത്തിലെയും ഇന്ത്യയിലേയും അര്‍ബുദത്തിന്റെ 40 ശതമാനവും പുകയിലയുടെ ഉപയോഗം മൂലമാണെന്ന പഠന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണിത്‌. പുകയില നിയന്ത്രണ നിയമം - കോട്‌പ 2003-ലെ വ്യവസ്ഥകള്‍ പ്രകാരം ജില്ലയെ പുകയില വിമുക്തമാക്കുന്നതിനുള്ള സമയബന്ധിത ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി ജില്ലാ കലക്‌ടര്‍ എം.ജി രാജമാണിക്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുതിയ അധ്യായന വര്‍ഷം തുടങ്ങുന്നതോടെ പോലീസ്‌, വിദ്യാഭ്യാസ,ആരോഗ്യവകുപ്പുകളിലെ ഉദ്യഗസ്ഥനമാരടങ്ങുന്ന പ്രത്യേക സംഘങ്ങള്‍ സ്‌കൂളകളിലും മറ്റും മിന്നല്‍ പരിശോധനകള്‍ നടത്തുകയും 100 വാര ചുറ്റളവില്‍ നിയമം ലംഘിച്ച്‌ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനനടപടികളെടുക്കുകയും ചെയ്യും.മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ പോലുള്ള കോട്‌പയിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ അധ്യക്ഷതയില്‍ സ്ഥലത്തെ സ്റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ ഉള്‍പ്പെടയുള്ളവര്‍ അംഗങ്ങളായുള്ള സ്‌കൂള്‍ പ്രോട്ടക്‌ഷന്‍ കമ്മിറ്റിയാണ്‌ ഏറ്റവും താഴത്തെ നിലയിലുള്ള ഘടകം. ജില്ലാ പോലീസ്‌ മേധാവിയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും ജില്ലാ മെഡിക്കല്‍ ഓഫീസറും അംഗങ്ങളായുള്ള ജില്ലാ തല മോണിട്ടറിംഗ്‌ കമ്മിറ്റിയാണ്‌ മധ്യതലത്തിലുള്ളത്‌.അഭ്യന്തര സെക്രട്ടറി അധ്യക്ഷത വഹിക്കുന്ന സമിതിയാണ്‌ ഏറ്റവും മുകളില്‍ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്നത്‌.
ജില്ലയെ പുകയിലരഹിതമാക്കുന്നതിനു എല്ലാ പിന്തുണയും നല്‍കുമെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ കെ.ജി ജെയിംസും റൂറല്‍ എസ്‌പി സതീഷ്‌ ബിനോയിയും ഉറപ്പുനല്‍കി.
പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിലും സ്ഥാപനങ്ങള്‍ക്ക്‌ അകത്തെ നിര്‍ദ്ദിഷ്‌ട സ്ഥലങ്ങളിലും നിശ്ചിത വലപ്പത്തിലും രീതിയിലുമുള്ള സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതാണ്‌. സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാതിരുന്നാല്‍ നടപടി എടുക്കുമെന്നു കമ്മീഷണര്‍ വെളിപ്പെടുത്തി. പോതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവരില്‍ നിന്നും 200 രൂപ പിഴ ഈടാക്കും. പൊതു ഓഫീസുകള്‍, പൊതുഗതാഗത മാര്‍ഗങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ആശുപത്രി മന്ദിരങ്ങള്‍,ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, കോഫീ ഹൗസുകള്‍, പബ്ബുകള്‍,ബാറുകള്‍ ,ജോലി സ്ഥലങ്ങള്‍, റെയില്‍വെ സ്റ്റേഷന്‍ തുടങ്ങിയവ പൊതുസ്ഥലങ്ങളില്‍പ്പെടും.
2013 ജനുവരി മുതല്‍ ഡിസംബര്‍ വരെ ജില്ലയില്‍ സിറ്റി പോലീസും റൂറല്‍ പോലീസും ചേര്‍ന്ന്‌ 16,878പേര്‍ക്കെതിരെ നിയമലംഘനത്തിന്റെ പേരില്‍ പിഴ ചുമത്തുകയോ നടപടി എടുക്കുകയോ ചെയ്‌തിട്ടുണ്ട്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ