2014, ജൂൺ 22, ഞായറാഴ്‌ച

കേന്ദ്രസര്‍ക്കാര്‍ രഹസ്യമാക്കിയ കിട്ടാക്കടക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു


കൊച്ചി
കേന്ദ്ര സര്‍ക്കാരും റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയും രഹസ്യമായി വെച്ചിരുന്നു ബാങ്കുകളില്‍ നിന്നും വന്‍ വായ്‌പകള്‍ എടുത്തു അടക്കാത്ത വമ്പന്മാരുടെ പട്ടിക ആള്‍ ഇന്ത്യ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ പ്രസിദ്ധികരിച്ചു.
ബാങ്കുകളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കിട്ടാക്കടങ്ങള്‍ ഈടാക്കാനുള്‌ള അടിയന്തിര നടപടികള്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ്‌ ബാങ്കും മാനേജ്‌മെന്റുകളുടെ ഏകോപനത്തോടെ സ്വീകരിക്കണെന്ന്‌ ആള്‍ ഇന്ത്യ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഈ കടങ്ങളില്‍ ബഹുഭൂരിഭാഗവും അതിസമ്പന്ന കോര്‍പ്പേറേറ്റുകള്‍ മനഃപൂര്‍വം വരുത്തിയിട്ടുള്ളതാണ്‌. ചെറുകടിക്കാര്‍ക്ക്‌ ജപ്‌തി വന്‍ കിടക്കാര്‍ക്ക്‌ സ്വസ്‌തിയുമെന്ന രീതി അംഗീകരിക്കാനാവില്ല. 2013 മാര്‍ച്ച്‌# 31 രെയുള്ള 24 പൊതുമേഖല ബാങ്കുകളിലെ കേവലം 460 അക്കൗണ്ടുകളിലെ മാത്രം കിട്ടാക്കടം 70,300 കോടി രൂപയാണ്‌. അതിസമ്പന്ന ഇന്ത്യാക്കാരില്‍ അറുപതാം സ്ഥാനത്തുള്ള വിജയ്‌ മല്യയുടെ കിംഗ്‌ ഫിഷര്‍ എയര്‍ലൈന്‍സിന്റെ കടം മാത്രം 2673 കോടിരൂപ വരും. വിന്‍സം ഡയമണ്ട്‌ ആന്റ്‌ ജ്യൂവല്‍സ്‌ (3156കോടി രൂപ), സൂം ഡെവലപ്പേഴ്‌സ്‌ (1810കോടിരൂപ), സ്റ്റെര്‍ലിംഗ്‌ ഗ്രൂപ്പ്‌ (3672കോടി രൂപ) എന്നിവയാണ്‌ ബാങ്കുകളില്‍ വന്‍ കടബാധ്യത വരുത്തിയിട്ടുള്ള പ്രമുഖര്‍. ഈ വന്‍ കിട്ടാക്കടക്കാരുടെ പട്ടിക എഐബിഇഎ ആവര്‍ത്തിച്ചു ആവശ്യപ്പെട്ടിട്ടും കേന്ദ്ര ധനമനത്രാലയവും റിസര്‍വ്‌ബാങ്കും പേരുവിവരങ്ങള്‍ നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. നേരത്തെ കഴിഞ്ഞ ഡിസംബറില്‍ എഐബിഇഎ 90 കമ്പനികളുടെ 40,528 കോടി രൂപയുടെ കിട്ടാക്കടങ്ങളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിനു പകരം കണക്കു പുസ്‌തകത്തില്‍ തുക കുറച്ചു കാണിച്ചുകൊണ്ടുള്ള നടപടികള്‍ക്കാണ്‌ അധികാരികള്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്‌.ഇത്തരത്തില്‍ ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ 42,00 കോടി രൂപയുടെ കിട്ടാക്കടങ്ങളാണ്‌ മാറ്റപ്പെട്ടത്‌. പൊതുജനങ്ങളെ കൊള്ളയടിക്കുന്ന ഈ സ്ഥിതി വിശേഷത്തിനു മാറ്റമുണ്ടാകണമെങ്കില്‍ ബാങ്കുകളുടെ ഓഡിറ്റിംഗ്‌ ഓഡിറ്റര്‍ ജനറലിന്റെ പരിധിയില്‍ കൊണ്ടുവരണം.അതേപോലെ കിട്ടാക്കടങ്ങളുടെ ഉത്തരവാദികളക്കെതിരെ നിയമപരമായ നടപടികള്‍ കൈക്കൊള്ളണം,കമ്പനികളുടെ വായ്‌പകള്‍ക്ക്‌ പ്രൊമോട്ടര്‍മാരുടെ വ്യക്തിഗത ഗ്യാരന്റി എടുക്കുന്നതിനുള്ള നിയമഭേദഗതി ഉണ്ടാകണം ഈ ആവശ്യങ്ങളുന്നയിച്ചു എഐബിഇഎ പ്രചാരണ പ്രക്ഷോഭം ശക്തമാക്കും.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക്‌ ആയ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ബാങ്കിങ്ങ്‌ സേവനങ്ങള്‍ റിലയന്‍സ്‌ മണി ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍ ലിമിറ്റഡുമായി ചേര്‍ന്നു പുറം കരാര്‍വല്‍ക്കരിക്കാനുള്ള തീരുമാനം ജനവിരുദ്ധമാണന്നും എഐബിഇഎ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 26നു ഒപ്പുവെച്ച കരാറിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുന്നതും ജുഗുപ്‌ത്സാവഹമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ എഐബിഇഎ ജോയിന്റ്‌ സെക്രട്ടരി വി.പി വര്‍ഗീസ്‌,എഐബിഇഎഫ്‌ പ്രസിഡന്റ്‌ കെ.മുരളീധരന്‍ പിളള ,ഡിഡി ജോസണ്‍,കെ.എസ്‌ കൃഷ്‌ണ, മാത്യു ജോര്‍ജ്‌ എന്നിവര്‍ പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ