2014, ജൂൺ 22, ഞായറാഴ്‌ച

ബജറ്റ്‌ പ്രഖ്യാപനം പാഴ്‌വാക്കായി 29 പദ്ധതികള്‍ നഗരസഭ അടച്ചുപൂട്ടി



കൊച്ചി
ഏത്‌ ബജറ്റും നടക്കാതെ പോകുന്ന ഏതാനും പദ്ധതികളുടെ പ്രഖ്യാപനവും വരുവാനിരിക്കുന്ന വിലക്കയറ്റത്തിന്റെ ചൂണ്ടുപലകയുമാണ്‌. . കൊച്ചി നഗരസഭയും ഇതില്‍ നിന്നും വ്യത്യസ്‌തമല്ല. എത്രയെത്ര പദ്ധതികളായിരുന്നു നഗരസഭ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചത്‌ എന്നാല്‍ ഇപ്പോള്‍ ഇതൊന്നും മേയറും നഗരസഭയും അറിഞ്ഞമട്ടേ ഇല്ല. 29 ഓളം പദ്ധതികളാണ്‌ കൊച്ചി നഗരസഭ എടുത്ത്‌ ഷെല്‍ഫില്‍ വെച്ചുപൂട്ടിയിരിക്കുന്നത്‌.
മൊത്തം നാലു കോടി രൂപ ഇതിനുവേണ്ടി വകയിരുത്തുകയും ചെയ്‌തു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ഈ പദ്ധതികള്‍ ഒന്നും ആരംഭിക്കുവാന്‍ സാധിക്കില്ല. മാര്‍ച്ച്‌ 31നു മുന്‍പ്‌ ആരംഭിച്ചില്ലെങ്കില്‍ ഈ പദ്ധതികള്‍ക്കു വേണ്ടി നീക്കിവെച്ച തുക ലാപ്‌സാകും.
എറണാകുളം ടൗണ്‍ഹാളിന്റെ നവീകരണത്തിനുവേണ്ടി 1.30 കോടി രൂപയാണ്‌ കണക്കാക്കിയിരുന്നത്‌.എന്നാല്‍ ഇനി നവീകരണം വേണ്ട , ടൗണ്‍ഹാള്‍ തന്നെ പൊളിച്ചു പുതിയ ടൗണ്‍ഹാള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതോടെ ആ പദ്ധതി ഉപേക്ഷിച്ചു.
നഗരത്തിലെ കോളണികളില്‍ ടോയിലറ്റുകള്‍ നിര്‍മ്മിക്കുവാനായി 50 ലക്ഷം രൂപയാണ്‌ വകയിരുത്തിയത്‌ അതേപോലെ എസ്‌ബിഐ ജംക്‌ഷന്‍ മുതല്‍ ചെറളായികടവ്‌ വരെ കാന നിര്‍മ്മിക്കുന്നതിനും 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. രണ്ട്‌ പദ്ധതികളും പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി.

വേളരേക്കാലമായി പറഞ്ഞുകൊണ്ടിരുന്ന പാളക്കണ്ടം മാര്‍ക്കറ്റിന്റെ നവീകരണത്തിനുുവേണ്ടി 20 ലക്ഷം രൂപയാണ്‌ കണക്കാക്കിയിരുന്നത്‌.എന്നാല്‍ മാര്‍ക്കറ്റുകളുടെ നവീകരണം ഇനിയും കടലാസില്‍ അവശേശിക്കകയാണ്‌. പള്ളുരുത്തി ഗവണ്‍മന്റ്‌ ഡിസ്‌പന്‍സറി (15ലക്ഷം), ഹെല്‍ത്ത്‌ സര്‍ക്കിള്‍ ഓഫീസ്‌ (എട്ട്‌ ലക്ഷം), അമൃതകുടീരം കോളനി റോഡ്‌ (9,80 ലക്ഷം), ചമ്പക്കര മഹിളാ മന്ദിരം (13ലക്ഷം),താന്തോന്നിതുരുത്തില്‍ ഫുട്‌പാത്തും ഡ്രെയ്‌നേജും (16ലക്ഷം ) എന്നിങ്ങനെ കൊച്ച നഗരസഭ ബജറ്റില്‍ പറഞ്ഞിരുന്ന നിരവധി പദ്ധതികളാണ്‌ ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കാന്‍ കഴിയാത്തതിനാല്‍ ഉപേക്ഷിക്കേണ്ടിവരുന്നത്‌.
കൊച്ചി നഗരത്തിലെ ഗതാഗത തിരക്കിനു പരിഹാരമാകുന്ന പൈപ്പ്‌ ലൈന്‍ റോഡിലൂടെ വരുന്ന റിലേ റോഡ്‌ ആണ്‌ മറ്റൊരു പ്രധാന പദ്ധതിയായി ഉണ്ടായിരുന്നത്‌. കളമശേരി യില്‍ നിന്നും തമ്മനം -പുല്ലേപ്പടി റോഡ്‌ വരെ എത്തിച്ചേരാന്‍ കഴിയുന്ന ഈ റോഡ്‌ ടാറിങ്ങ്‌ നടത്തിയാല്‍ മാത്രം മതി പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാനാകും.കാക്കനാട്‌ ഭാഗത്തു നിന്നുള്ളവര്‍ക്കു കളമശേരിയിലും എറണാകുളത്തും എത്തുവാന്‍ ഏറ്റവും തിരിക്കു കുറഞ്ഞ മാര്‍ഗമാണിത്‌.
ഈ റോഡിന്റെ ഭാഗമായി പാലാരിവട്ടം സൗത്ത്‌ പൈപ്പ്‌ ലൈന്‍ ജംഗ്‌ഷന്‍ മുതല്‍ പാടിവട്ടം സ്‌കൂള്‍ വരെ റോഡ്‌ ടാര്‍ ചെയ്യാനും കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം ജലരേഖകളായി മാറിയിരിക്കുകയാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ