2015, മാർച്ച് 13, വെള്ളിയാഴ്‌ച

മാലിന്യം നിറഞ്ഞ രാമേശ്വരം കനാല്‍ മേയറും എംഎല്‍എയും കണ്‍നിറയെ കണ്ടു



ഫോര്‍ട്ട്‌കൊച്ചി: കൊച്ചി നഗരസഭയുടെ വിവേചനത്തില്‍ ദുരിതം സഹിക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ്‌ ഫോര്‍ട്ട്‌കൊച്ചി പാണ്ടിക്കുടിയിലെ ജനങ്ങള്‍.
ഈ പ്രദേശത്തുകൂടി കടന്നുപോകുന്ന രാമേശ്വരം കനാലിലെ മാലിന്യം നീക്കം ചെയ്യാത്തതാണ്‌ ദുരിത്തിനു കാരണം. കനാലിന്റെ തുടക്ക ഭാഗവും അവസാനഭാഗവും വൃത്തിയാക്കിയെങ്കിലും പ്രധാനമായ മധ്യഭാഗത്തെ നഗരസഭ അവഗണിക്കുകയായിരുന്നു. 
രാമേശ്വരം കനാലിന്റെ മേല്‍ഭാഗം മാലിന്യശേഖരം വെയിലില്‍ ഉണങ്ങി റബര്‍ കിടക്കപോലെ ആയിരിക്കുയാണ്‌. മൂന്നര കിലോമീറ്റര്‍ നീളമുള്ള കനാലില്‍ പാണ്ടിക്കുടിയിലാണ്‌ ഈ ദുര്‍ഗതി. നാട്ടുകാര്‍ പലതവണ പരാതി പറഞ്ഞിട്ടും ദുരിത ജീവിതം തുടരാനാണ്‌ ഇവിടത്തുകാരുടെ വിധി. കൗണ്‍സിലറോട്‌ പലതവണ പരാതി ആവര്‍ത്തിക്കുയും ധര്‍ണ നടത്തുകയും ചെയ്‌തിട്ടും ഫലമൊന്നുമുണ്ടായില്ല. 
സ്ഥലം എംഎല്‍എ കൂടിയായ ഡോമനിക്‌ പ്രസന്റേഷനും മേയര്‍ ടോണി ചമ്മിണിയും നേരിട്ടു വന്നു കണ്ടു മടങ്ങി എന്നല്ലാതെ യാതൊരു പ്രയോജനവും ഇവരെക്കൊണ്ട്‌ ഉണ്ടായില്ലെന്നു നാട്ടുകാര്‍ പറയുന്നു.
നല്ലൊരു ആഴവും വീതിയും ഈ കനാലിനുണ്ടായിരുന്നു. വള്ളങ്ങള്‍ പോലും പണ്ട്‌ ഈ കനാലിലൂടെ എത്തുമായിരുന്നു. വേലിയേറ്റവും വേലിയിറക്കം ഉണ്ടായാലും മാലിന്യം തരിപോലും ഇവിടെ അടിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന്‌ കനാല്‍ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു. മഴക്കാലമാണ്‌ ഇവര്‍ക്കു ദുരിതം മാലിന്യം വീടുകളിലേക്കും കുടിവെള്ള പൈപ്പുകളിലേക്കും കയറും. അതോടൊപ്പം രോഗങ്ങളും. . മാലിന്യം കൂടിക്കിടക്കുന്നതിനാല്‍ കൊതുകിനും പുഴുക്കള്‍ക്കും പുറമെ എലികളുടെ ശല്യവും നാട്ടുകാര്‍ സഹിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ