2015, മാർച്ച് 13, വെള്ളിയാഴ്‌ച

മാലിന്യം നിറഞ്ഞ രാമേശ്വരം കനാല്‍ മേയറും എംഎല്‍എയും കണ്‍നിറയെ കണ്ടു



ഫോര്‍ട്ട്‌കൊച്ചി: കൊച്ചി നഗരസഭയുടെ വിവേചനത്തില്‍ ദുരിതം സഹിക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ്‌ ഫോര്‍ട്ട്‌കൊച്ചി പാണ്ടിക്കുടിയിലെ ജനങ്ങള്‍.
ഈ പ്രദേശത്തുകൂടി കടന്നുപോകുന്ന രാമേശ്വരം കനാലിലെ മാലിന്യം നീക്കം ചെയ്യാത്തതാണ്‌ ദുരിത്തിനു കാരണം. കനാലിന്റെ തുടക്ക ഭാഗവും അവസാനഭാഗവും വൃത്തിയാക്കിയെങ്കിലും പ്രധാനമായ മധ്യഭാഗത്തെ നഗരസഭ അവഗണിക്കുകയായിരുന്നു. 
രാമേശ്വരം കനാലിന്റെ മേല്‍ഭാഗം മാലിന്യശേഖരം വെയിലില്‍ ഉണങ്ങി റബര്‍ കിടക്കപോലെ ആയിരിക്കുയാണ്‌. മൂന്നര കിലോമീറ്റര്‍ നീളമുള്ള കനാലില്‍ പാണ്ടിക്കുടിയിലാണ്‌ ഈ ദുര്‍ഗതി. നാട്ടുകാര്‍ പലതവണ പരാതി പറഞ്ഞിട്ടും ദുരിത ജീവിതം തുടരാനാണ്‌ ഇവിടത്തുകാരുടെ വിധി. കൗണ്‍സിലറോട്‌ പലതവണ പരാതി ആവര്‍ത്തിക്കുയും ധര്‍ണ നടത്തുകയും ചെയ്‌തിട്ടും ഫലമൊന്നുമുണ്ടായില്ല. 
സ്ഥലം എംഎല്‍എ കൂടിയായ ഡോമനിക്‌ പ്രസന്റേഷനും മേയര്‍ ടോണി ചമ്മിണിയും നേരിട്ടു വന്നു കണ്ടു മടങ്ങി എന്നല്ലാതെ യാതൊരു പ്രയോജനവും ഇവരെക്കൊണ്ട്‌ ഉണ്ടായില്ലെന്നു നാട്ടുകാര്‍ പറയുന്നു.
നല്ലൊരു ആഴവും വീതിയും ഈ കനാലിനുണ്ടായിരുന്നു. വള്ളങ്ങള്‍ പോലും പണ്ട്‌ ഈ കനാലിലൂടെ എത്തുമായിരുന്നു. വേലിയേറ്റവും വേലിയിറക്കം ഉണ്ടായാലും മാലിന്യം തരിപോലും ഇവിടെ അടിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന്‌ കനാല്‍ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു. മഴക്കാലമാണ്‌ ഇവര്‍ക്കു ദുരിതം മാലിന്യം വീടുകളിലേക്കും കുടിവെള്ള പൈപ്പുകളിലേക്കും കയറും. അതോടൊപ്പം രോഗങ്ങളും. . മാലിന്യം കൂടിക്കിടക്കുന്നതിനാല്‍ കൊതുകിനും പുഴുക്കള്‍ക്കും പുറമെ എലികളുടെ ശല്യവും നാട്ടുകാര്‍ സഹിക്കണം.

പുതിയ ഗ്യാസ്‌ കണക്‌്‌ഷന്റെ പേരില്‍ വിറ്റഴിക്കാത്ത ഉല്‍പ്പന്നങ്ങള്‍ കെട്ടിയേല്‍പ്പിക്കുന്നു




കൊച്ചി
പുതിയ ഗ്യാസ്‌ കണക്ഷന്‍ എടുക്കാന്‍ എത്തുന്നവരില്‍ നിന്ന്‌ ഗ്യാസ്‌ ഏജന്‍സികള്‍ വന്‍ തുക പിടുങ്ങുന്നു.
ഓരോ പുതിയ കണക്ഷനും 2500 രൂപ മുതല്‍ 3000 രൂപവരെയാണ്‌ ഇവര്‍ അനധികൃതമായി ഈടാക്കുന്നത്‌. 
ഒരു സിലിണ്ടറോടുകൂടിയ പുതിയ കണക്ഷന്‌ 2800രൂപയെന്ന്‌ ഭാരത്‌ ഗ്യാസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു. പക്ഷേ, ഒരു ഏജന്‍സിയും ഈ വിലയ്‌ക്ക ഗ്യാസ്‌ കണക്ഷന്‍ തരില്ല. 
കാരണം ലളിതം കണക്ഷന്‍ മാത്രം എടുത്താല്‍ പോര. സ്‌റ്റൗ ,ലൈറ്റര്‍, സിലിണ്ടര്‍ വെക്കാനുള്ള ട്രോളി ഇതെല്ലാം ഏജന്‍സിയില്‍ നിന്നും എടുത്താലെ കണക്ഷന്‍ തരുകയുള്ളു. 
ഏജന്‍സികള്‍ക്കു വില്‍ക്കാനുള്ള സാധനങ്ങള്‍ കുക്കര്‍ മുതല്‍ വാക്വം ക്ലീനര്‍,വാട്ടര്‍ പ്യുരിഫയറും ഒക്കെ ആകുന്നതിനുസരിച്ച്‌ ഗ്യാസ്‌ കണക്ഷന്‍ കിട്ടാനുള്ള മുതല്‍ മുടക്ക്‌ 6500 രൂപവരെയാകും. ഗ്യാസ സ്റ്റൗ സ്വന്തമായി ഉണ്ടെങ്കിലും രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ പഴയതാകരുതെന്നാണ്‌ കലൂരിലെ എച്ച്‌ പി ഗ്യാസ്‌ ഏജന്‍സിക്കാര്‍ മറുപടി നല്‍കിയത്‌. മാത്രമല്ല അത്‌ പരിശോധിക്കാന്‍ വീട്ടില്‍ ആളുവരും. അതിനു ശേഷമേ കണ്‌ക്ഷന്‍ തരുകയുളളു. ഇത്‌ നിയമമാണത്രെ. 
എന്നാല്‍ ഇത്തരത്തില്‍ ഒരു നിയമവും ഇല്ലെന്നും കണക്ഷന്‍ എടുക്കുമ്പോള്‍ മറ്റെന്തെങ്കിലും നിര്‍ബന്ധിച്ചു അടിച്ചേല്‍പ്പിക്കാന്‍ ഏജന്‍സിക്കാര്‍ക്ക്‌ അവകാശമില്ലെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു. 
ചുരുക്കത്തില്‍ 2800 രൂപയ്‌ക്ക്‌ സര്‍ക്കാര്‍ നല്‍കാന്‍ പറയുന്ന കണക്ഷന്‌ ഏജന്‍സിക്കാര്‍ പിടുങ്ങുന്നത്‌ 5400 രൂപ. അങ്ങനെ ഗ്യാസ്‌ ഏജന്‍സികള്‍ സാധാരണക്കാരന്റെ കീശയില്‍ നിന്നും കയ്യിട്ടുവാരുന്നത്‌ 3700 രൂപവരെയാണ

അന്യസംസ്ഥാന വാഹനങ്ങള്‍ പിഴ ഒടുക്കാതെ മുങ്ങുന്നു , മോട്ടോര്‍വാഹന വകുപ്പ്‌ കൈമലര്‍ത്തുന്നു


കൊച്ചി
അന്യസംസ്ഥാന വാഹനങ്ങളുടെ നിയമലംഘനം കേരളത്തില്‍ ട്രാഫിക്‌ ക്യാമറയില്‍ പതിഞ്ഞാലും നടപടി എടുക്കുക ദുഷ്‌കരം.
മോട്ടോര്‍ വാഹന വകുപ്പിന്‌ രാജ്യവ്യാപകമായി ഏകീകൃത സോഫ്‌റ്റ്‌ വെയര്‍ സംവിധാനം ഇല്ലാത്തതാണ്‌ പ്രതിസന്ധിക്ക്‌ കാരണം. 
നിലവില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്ന വാഹനങ്ങള്‍ക്ക്‌ ഇപ്പോള്‍ എന്തു നിയമലംഘനവുമാകാം. അമിത വേഗവും നിയമലംഘനവും ട്രാഫിക്‌ ക്യാമറകളില്‍ പതിവായി പതിയുന്നുണ്ട്‌.പക്ഷേ , ഉടമകളെ കണ്ടെത്താന്‍ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴില്‍ സംവിധാനങ്ങളില്ല. ഇനി ഉടമകളെ തേടിപ്പിടിച്ച്‌ നോട്ടീസ്‌ അയച്ചാലും സംസ്ഥാന അതിര്‍ത്തി കടന്നുപോയവരാരും പിഴ അടക്കുവാന്‍ വേണ്ടി കേരളത്തില്‍ എത്താറുമില്ല. 
ഈ നിലയില്‍ വന്‍ തുകയാണ്‌ സംസ്ഥാന സര്‍ക്കാരിനു നഷ്ടമാകുന്നത്‌. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രയോജനപ്രദമായ വിധത്തില്‍ ഏകീകൃത സോഫ്‌റ്റ്‌ വെയര്‍ സംവിധാനം നടപ്പിലാക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പിലാണ്‌ കേരളത്തിന്റെ പ്രതീക്ഷ അത്രയും. 
ഇനി സോഫ്‌റ്റ്‌ വെയര്‍ വന്നതുകൊണ്ടുമാത്രം നിയമലംഘനം അവസാനിക്കുമെന്ന ആത്മവിശ്വസം ഒന്നും മോട്ടോര്‍ വാഹനവകുപ്പിന്‌ ഇല്ല. ഓരോ സംസ്ഥാനത്തെയും മോട്ടോര്‍ വാഹന വകുപ്പ്‌ ഏതുരീതിയില്‍ ഇതിനോട്‌ സഹകരിക്കുമെന്നതിനടിസ്ഥാനത്തിലായിരിക്കും സോഫ്‌റ്റ്‌ വെയറിന്റെ വിജയം

വേനലിനു കുളിര്‍മ്മയേകി വഴിയോര ശീതള പാനീയ കച്ചവടം പൊടിപൊടിക്കുന്നു






ദിനംപ്രതി വര്‍ധിച്ചുവരുന്ന നഗരത്തിന്റെ തിരക്കും ചുട്ടുപൊള്ളുന്ന വെയിലും ജനങ്ങളെ വലക്കുമ്പോള്‍ ആശ്വാസകരമായി മാറുകയാണ്‌ വഴിയോരത്തെ ശീതളപാനിയ കച്ചവടം. 
ആരോഗ്യദായകവും മനസ്‌ കുളിര്‍പ്പിക്കുന്നതുമായ ഫലവര്‍ഗങ്ങളും പാനീയങ്ങളും ആസ്വദിക്കാന്‍ നിരവധിപേര്‍ എത്തുന്നത്‌ കച്ചവടത്തിനു കൊഴുപ്പേകുന്നുണ്ട്‌. 
വീട്‌ വിട്ട്‌ പുറത്തിറങ്ങിയാല്‍ മനസ്‌ മടുപ്പിക്കുന്ന ഗതാഗതക്കുരുക്കും അസഹനീയമായ ചുടും കൊച്ചി നഗരവാസികളെ തകര്‍ക്കുമ്പോള്‍ തണലും മനസിനു കുളിര്‍മ്മയും നല്‍കുകയാണ്‌ വഴിയോര ശീതളപാനിയ കച്ചവടം. നഗരത്തിന്റെ തിരക്കില്‍ നിന്നും മാറിയാണ്‌ വഴിയോരകച്ചവടങ്ങള്‍ നടക്കുന്നത്‌. ആധൂനികവല്‍ക്കരിച്ച കോഫി ഷോപ്പുകളും കൂള്‍ഡ്രിംഗ്‌സ്‌ കടകളും ഐസ്‌ ക്രീ ംപാര്‍ലറുകളും സാധാരണക്കാരന്റെ കഴുത്തറക്കുമ്പോള്‍ ഇവിടെ കച്ചവടം നടക്കുന്നത്‌ തുഛമായ പണം വാങ്ങിയാണ്‌ . ചൂടില്‍ നിന്നും ആശ്വാസമേകാന്‍ എത്തുന്നവരെ ഇവിടെ കാത്തിരിക്കുന്നത്‌ പൊട്ടുവെള്ളരിയും തണ്ണമത്തനും നല്ല നാടന്‍ കരിക്കുമാണ്‌. കൊച്ചിയുടെ സമീപപ്രദേശമായ പാനായിക്കുളത്തത്‌ കൃഷിചെയ്യുന്ന പൊട്ടുവെള്ളരിയ്‌ക്ക കിലോഗ്രാമിനു 40 രൂപയാണ്‌ വില. എന്നാല്‍ പൊട്ടുവെള്ളരി ജ്യൂസിന്‌ ആകട്ടെ 20 രൂപയും. 
ഇപ്പോള്‍ ഏറെയും തണ്ണിമത്തനാണ്‌.ആന്ധയില്‍ നിന്നും എത്തിയ കിരണും സാധാരണ തണ്ണിമത്തനും ആസ്വദിക്കാം. നല്ല ചുവന്ന ഉള്‍കാമ്പോടുകൂടിയ കിരണിന്‌ ഇപ്പോള്‍ കിലോഗ്രാമിനു 15 രൂപമാത്രമെയുള്ളു. തണ്ണിമത്തന്‍ ജൂസിനു 15 രൂപയാണ്‌ വില. 
നാടന്‌ കരിക്കാണ്‌ അടുത്ത താരം ഒരു കരിക്കിന്‌ 25 രൂപയാണ്‌ നല്‍കേണ്ടത്‌. ഔഷധഗുണമാകട്ടെ നിരവധിയും ആവശ്യക്കാര്‍ കൂടുതല്‍ തണ്ണിമത്തനാണെന്നും ആരോഗ്യത്തിനു ഉത്തമം തണ്ണിമത്തന്‍ ആണെന്നും ഇടപ്പള്ളിയിലെ വഴിയോര കച്ചവടക്കാര്‍ പറയുന്നു. 
പാലക്കാടു നിന്നും തമിഴ്‌നാട്ടില്‍ നിന്നും പനംകരിക്കും ഇപ്പോള്‍ സുലഭമായി എത്തിയിട്ടുണ്ട്‌. വേനല്‍ കടുക്കുന്നതോടെ കച്ചവടം തകൃതിയായി നടക്കുമെന്ന പ്രതീക്ഷയിലാണ്‌ വഴിയോര ശീതള പാനിീയ കച്ചവടക്കാര്‍. ശീതള പാനിയങ്ങളിലെ കലര്‍പ്പില്ലാത്ത രുചി വൈവിധ്യവും പോക്കറ്റ്‌ കാലിയാക്കതെയുള്ള വിലയും ഇവരിലേക്കു ജനങ്ങള്‍ അടുക്കുന്നതിനു വഴിയൊരുക്കുന്നു.