2017, ഏപ്രിൽ 29, ശനിയാഴ്‌ച

ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയ്‌ക്ക്‌ 97-ാം സ്ഥാനം





തിരുവനന്തപുരം : ഇന്ത്യ സാമ്പത്തിക രംഗത്ത്‌ വന്‍ കുതിപ്പിലാണെങ്കിലും ഇന്ത്യയിലെ 184 ദശലക്ഷം പേര്‍ പോഷകാഹാര കുറവിന്റെ പിടിയിലാണെന്ന്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ അഞ്ചുവയസിനു താഴെയുള്ള 48 ശതമാനം കുട്ടികള്‍ വളര്‍ച്ചാ മുരടിപ്പിലാണ്‌. 60 ശതമാനം കുട്ടികള്‍ അനീമിയ ബാധിതരും. ഇന്ത്യയിലെ ജനസംഖ്യയില്‍ 70 ശതമാനത്തിനും, സൂക്ഷ്‌മ പോഷകങ്ങള്‍ ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ള കണക്കില്‍ 50 ശതമാനം കുറവാണ്‌ ലഭിക്കുന്നത്‌.
ആഗോള ദാരിദ്ര്യ സൂചിക (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്‌) പ്രകാരം കടുത്ത ദാരിദ്ര്യം നേരിടുന്ന 118 രാജ്യങ്ങളില്‍ ഇന്ത്യയ്‌ക്ക്‌ 97-ാം സ്ഥാനമാണുള്ളത്‌. ചൈന (29), നേപ്പാള്‍ (72), മ്യാന്‍മര്‍ (75), ശ്രീലങ്ക (84), എന്നീ അയല്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ സ്ഥിതി വളരെ പരിതാപകരമാണ്‌.
ഇന്ത്യയില്‍ പോഷകാഹാരക്കുറവുള്ള 184 ദശലക്ഷം പേരില്‍ ഭൂരിപക്ഷവും ചെറുപ്രായത്തിലുള്ള കുട്ടികളാണെന്ന വസ്‌തുതയും ആശങ്കാജനകമാണ്‌. സൂക്ഷ്‌മ പോഷകങ്ങളുടെ അഭാവം അഥവ മറഞ്ഞിരിക്കുന്ന പട്ടിണി (ഹിഡന്‍ ഹംഗര്‍) വളരെ പ്രധാനപ്പെട്ട പ്രശ്‌നമാണ്‌. 
സ്‌കൂള്‍ കുട്ടികളില്‍ നടത്തിയ പഠനത്തില്‍ 70 ശതമാനം കുട്ടികള്‍ക്കും വൈറ്റമിന്‍ എ, ഫോളേറ്റ്‌, വൈറ്റമിന്‍ ബി12, ഇരുമ്പ്‌ എന്നീ പോഷകങ്ങളുടെ കുറവുണ്ട്‌. കുട്ടികള്‍ക്ക്‌ വളര്‍ച്ച മുരടിക്കല്‍, പ്രതിരോധശക്തി കുറയല്‍, ബുദ്ധിമാന്ദ്യം, അനീമിയ, ഉത്സാഹക്കുറവ്‌ എന്നിവ ഇതിന്റെ ഫലമാണ്‌.
ഒരു കുട്ടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്‌ക്കാവശ്യമായ വൈറ്റമിനുകളും ധാതുക്കളും ചേര്‍ന്ന സമീകൃതാഹാരമാണ്‌ അമ്മമാര്‍ വീട്ടില്‍ ഉണ്ടാക്കുന്നത്‌. തടിച്ച ശരീര പ്രകൃതിയുള്ള കുട്ടികള്‍ ആരോഗ്യമുളളവരാണെന്ന പൊതുധാരണയാണ്‌ മിക്ക ഇന്ത്യന്‍ അമ്മമാര്‍ക്കുമുള്ളത്‌.
വിവിധ തരം ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മാസം തുടങ്ങിയവ ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക്‌ വൈവിധ്യമുള്ള ഭക്ഷണം നല്‍കുക എന്നതാണ്‌ സൂക്ഷ്‌മ പോഷകക്കുറവ്‌ സ്ഥിരമായി തടയുന്നതിനുള്ള ഏറ്റവും കാര്യക്ഷമമായ മാര്‍ഗമെന്ന്‌ ഇന്ത്യന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യുട്രീഷന്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. സാധാരണ മാതാപിതാക്കളെ ശാക്തീകരിച്ച്‌ ബോധവത്‌കരണം നടത്തി പോഷകാഹാരക്കുറവ്‌ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന്‌ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

മെയ്‌ രണ്ട്‌ ഇന്ന്‌ ലോക ആസ്‌ത്മ ദിനം




്‌

ലോകത്തെ 30 കോടിയിലധികം ജനങ്ങള്‍ ആസ്‌ത്‌മയുടെ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരാണ്‌. ഇതില്‍ 10 ശതമാനവും ഇന്ത്യയിലുള്ളവരാണ്‌. ആധുനിക ചികില്‍സാ രീതികളുടെ അല്‍ഭുതങ്ങളും സാങ്കേതിക വിദ്യയുടെ മികവും ഉണ്ടെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആസ്‌ത്‌മ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയാണ്‌. 
കുട്ടികളെയും പ്രായമായവരെയുമാണ്‌ ആസ്‌ത്‌മ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌. ചുമ, ശ്വാസ തടസം, നെഞ്ച്‌ മുറുകല്‍, വലിവ്‌ തുടങ്ങിയവയാണ്‌ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ ഒരുപാടുണ്ടെങ്കിലും ആസ്‌ത്‌മയുടെ ഉറവിടം എങ്ങിനെയെന്ന്‌ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്‌. പുല്ല്‌, മരം തുടങ്ങിയവയിലൂടെ വരുന്ന പുറമേ നിന്നുള്ള അലര്‍ജി. അകത്തെ ഈര്‍പ്പം, വളര്‍ത്തു മൃഗങ്ങളുടെ രോമം, പൊടി എന്നിവയില്‍ നിന്നുള്ള അലര്‍ജിയും ശ്വാസംമുട്ടലിന്‌ കാരണമാകാം. 
അനുചിതമായ ഈര്‍പ്പം ആസ്‌ത്‌മയ്‌ക്കു പ്രധാന കാരണമാണ്‌. നനവ്‌ ഈ സാഹചര്യം വര്‍ധിപ്പിക്കുന്നു. അതുകൊണ്ടു തന്നെ നിങ്ങളുടെ വീടിനെ ഈര്‍പ്പത്തില്‍ നിന്നും സംരക്ഷിക്കേണ്ടത്‌ അനിവാര്യമാണ്‌. ഈര്‍പ്പം ഇല്ലാതാക്കണം.
നിങ്ങളുടെ വീട്ടിലുള്ളവര്‍ക്ക്‌ സ്ഥിരമായി ചുമയും വലിവും വരാറുണ്ടോ? ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ആസ്‌ത്‌മ, ബ്രോങ്കൈറ്റിസ്‌ തുടങ്ങിയവ നമ്മുടെ നാട്ടിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സാധാരണയായി ഉണ്ടാകാറുള്ള പ്രശ്‌നങ്ങളാണ്‌. അന്തരീക്ഷ മലിനീകരണത്തെയും കാലാവസ്ഥയെയും മാത്രം പഴിചാരിക്കൊണ്ടിരിക്കുന്നത്‌ അവസാനിപ്പിക്കേണ്ട സമയമായി. യഥാര്‍ത്ഥ കുറ്റവാളി സ്വന്തം വീട്ടിലെ ചോര്‍ച്ചയും ഈര്‍പ്പവുമാകാം. 
വീട്ടിലെ ടാങ്കിന്റെയും ബാത്ത്‌റൂം പൈപ്പുകളുടെയും ചെറിയ ലീക്ക്‌ ശരിയാക്കാന്‍ താമസിപ്പിക്കുന്നത്‌ കുടുംബത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ വഴിയൊരുക്കാം. വെള്ളത്തിന്റെ ചോര്‍ച്ച തൊണ്ടവേദനയ്‌ക്കും കണ്ണ്‌, ചര്‍മ്മം ചൊറിച്ചിലിനും മൂക്കടപ്പിനും കാരണമായേക്കാം. സമയം വൈകുന്തോറും ഇത്‌ ആസ്‌ത്‌മ, ശ്വാസകോശ രോഗം പോലുള്ള മാരക പ്രശ്‌നങ്ങള്‍ക്ക്‌ വഴിയൊരുക്കും. 
പത്തു മുതല്‍ 15 കോടിവരെയുള്ള ജനങ്ങളാണ്‌ ഇന്ത്യയില്‍ ആസ്‌ത്‌മ കൊണ്ടു ബുദ്ധിമുട്ട്‌ അനുഭവിക്കുന്നത്‌. വീടിനകത്തെ ഈര്‍പ്പമാണ്‌ പല പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന്‌ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ആരോഗ്യവാന്മാരായ കുട്ടികളില്‍ പോലും ശ്വാസം മുട്ടല്‍ പോലുള്ള അസുഖങ്ങള്‍ക്ക്‌ ഇത്‌ വഴിവെയ്‌ക്കാം. ഈര്‍പ്പം അലര്‍ജിക്ക്‌ കാരണമാകാറുണ്ട്‌. ഈര്‍പ്പം കൊണ്ടുണ്ടാകുന്ന പൂപ്പലില്‍ തൊടുന്നതും ശ്വസിക്കുന്നതും തുമ്മല്‍, ജലദോഷം, കണ്ണ്‌ ചുവക്കല്‍, ചൊറിച്ചില്‍ തുടങ്ങിയ അലര്‍ജികളുണ്ടാക്കുന്നു. 
വീട്ടില്‍ ചോര്‍ച്ചയോ ഈര്‍പ്പമോ കണ്ടാല്‍ ഉടന്‍ ശരിയാക്കേണ്ടതിന്റെ പ്രാധാന്യമാണ്‌ ഇവിടെ വ്യക്തമാകുന്നത്‌. ബാത്ത്‌ റൂമുകളില്‍, സീലിങ്ങിന്റെ മൂലകളില്‍, മതിലുകള്‍, സീലിങ്‌ ടൈലുകള്‍, കിച്ചന്‍ കാബിനറ്റ്‌, വോള്‍പ്പേപ്പര്‍ തുടങ്ങി വെള്ളത്തിന്റെ ചോര്‍ച്ച ബാധിക്കുന്ന സ്ഥലങ്ങളിലെല്ലാം പൂപ്പല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.
എന്നാല്‍ മതിലുകള്‍ വൃത്തിയാക്കുന്നതോ പൂപ്പല്‍ ചുരണ്ടി കളയുന്നതോ മാത്രമല്ല ഇതിന്‌ പ്രതിവിധി. ചോര്‍ച്ചയ്‌ക്കു പൂര്‍ണമായ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ പൂപ്പല്‍ വീണ്ടും വരും. പൂപ്പല്‍ വെളുപ്പ്‌, കറുപ്പ്‌, മഞ്ഞ, നീല, പച്ച എന്നിങ്ങനെ നിറങ്ങളില്‍ കാണാം. ഇവയ്‌ക്ക്‌ ചിലപ്പോള്‍ പഴകിയ ഗന്ധവുമുണ്ടാകും.
വീടിനകത്തെ ഈര്‍പ്പം മാറ്റുക, നല്ല വെന്റിലേഷനും ആവശ്യമുള്ളിടത്ത്‌ എക്‌സോസ്റ്റ്‌ ഫാനുകളും ഉപയോഗിക്കുക, വീടിനകത്ത്‌ തുണികള്‍ ഉണക്കാതിരിക്കുക, ഇടയ്‌ക്കിടെ ടെറസ്‌ പരിശോധിച്ച്‌ വിള്ളല്‍ ഒന്നുമില്ലെന്നും മഴ വെള്ളം പോകാനുള്ള പൈപ്പുകള്‍ ശരിയാണെന്നും ലീക്ക്‌ ഇല്ലെന്നും ഉറപ്പു വരുത്തുക, ബാത്ത്‌റൂമുകളിലെ ലീക്ക്‌ ശരിയാക്കുക, ടൈലുകള്‍ക്കിടയില്‍ വെള്ളം ഇറങ്ങുന്നില്ലെന്ന്‌ ഉറപ്പു വരുത്തുക, പെയിന്റിങിന്‌ മുമ്പ്‌ പൂപ്പല്‍ പൂര്‍ണമായും ഒഴിവാക്കുക, ഈര്‍പ്പമുള്ള മുറികളില്‍ നിന്നും കാര്‍പ്പറ്റും അപ്‌ഹോള്‍സറി സാധനങ്ങളും മാറ്റുക തുടങ്ങിയവയെല്ലാം വീട്‌ സുരക്ഷിതമായി സൂക്ഷിക്കാനുള്ള നടപടികളാണ്‌. 
ഈര്‍പ്പം കെട്ടിടങ്ങളെ മാത്രമല്ല, കുടുംബത്തിലുളളവരുടെ ആരോഗ്യത്തെയും ബാധിക്കുന്നു. മികച്ച വാട്ടര്‍ പ്രൂഫ്‌ സംയുക്തം ഉപയോഗിച്ച്‌ പ്രശ്‌നത്തിന്‌ പരിഹാരം കണ്ടാല്‍ വീടിനും വീട്ടുകാര്‍ക്കും ഗുണമുണ്ടാകുമെന്ന്‌ ഉറപ്പ്‌. 

2016, സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

ഇന്ത്യാക്കാരില്‍ 85 ശതമാനവും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നവര്‍




രാജ്യത്തെ ജനങ്ങളില്‍ 40 ശതമാനം പേരും ആരോഗ്യസംരക്ഷണത്തിനായി ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരാണ്‌. ഇന്ത്യാക്കാരില്‍ 85 ശതമാനവും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നവരുമാണ്‌.
ലോക പോഷകാഹാര ദിനത്തോടനുബന്ധിച്ച്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ്‌ നടത്തിയ സര്‍വേയിലാണ്‌ ഈ കണ്ടെത്തല്‍. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്‌, ജയപ്പൂര്‍, അഹമ്മദാബാദ്‌, ബംഗളരു, ലക്‌്‌നോ, കോയമ്പത്തൂര്‍, ഇന്‍ഡോര്‍ തുടങ്ങിയ നഗരങ്ങളിലെ 1500 പേരുടെ ഇടയില്‍ നടത്തിയ സര്‍വേയിലാണ്‌ ഈ കണ്ടെത്തല്‍.
ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ജനങ്ങളുടെ അവബോധവും അതിനായി അവര്‍ ദിവസവും നടത്തുന്ന പ്രവൃത്തികളെക്കുറിച്ചും മനസിലാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍വേ നടത്തിയത്‌. ഇന്ത്യക്കാര്‍ ബഹുമുഖ ഉത്തരവാദിത്വങ്ങളോടെ വളരെ തിരക്കേറിയ ജീവിതത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. ഇതിനിടയില്‍ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ ആവശ്യത്തിനു സമയം ലഭിക്കുന്നില്ല. എങ്കിലും 40 ശതമാനം പേരും ആരോഗ്യസംരക്ഷണത്തിനായി ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുവെന്നാണ്‌ കണ്ടെത്തല്‍.
സര്‍വേയിലെ മറ്റു കണ്ടെത്തലുകള്‍
നാല്‌പതു ശതമാനം പേര്‍ ആേരാഗ്യസംരക്ഷണത്തിനായി ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ 47 ശതമാനം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചു പരിതപിക്കുന്നവരാണ്‌. പോഷാകാഹാരം വേണ്ടതിനെക്കുറിച്ചും അവര്‍ ബോധവാന്മാരാണ്‌. എല്ലാ വിഭാഗത്തിലും പെട്ടവരില്‍ 91 ശതമാനവും അവരുടെ ശരീരഭാരത്തെക്കുറിച്ചു ജാഗ്രതയുള്ളവരും കൂടക്കൂടെ അതു പരിശോധിക്കുന്നവരുമാണ്‌. 
ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ അതോടൊപ്പം സന്തുലിത ഭക്ഷണക്രമം നയിക്കാനും ശ്രദ്ധിക്കുന്നു. യോഗയും ധ്യാനവുമൊന്നും ഇപ്പോഴും ഇന്ത്യക്കാരുടെ ജീവിതത്തിലേക്ക്‌ കാര്യമായി പ്രവേശിച്ചിട്ടില്ല. എങ്കിലും യോഗയും ജിം എന്നിവയോടൊപ്പം സന്തുലിത ഭക്ഷണവും ആരോഗ്യസംരക്ഷണപ്രവര്‍ത്തനത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്‌. സന്തുലിതമായ ഭക്ഷണക്രമത്തിന്റെ ആവശ്യകത അറിയാമെങ്കിലും വളരെ കുറച്ച്‌ ആളുകളെ അത്‌ നേടുന്നുള്ളു.
സ്‌ത്രീകളേക്കാള്‍ പുരുഷന്മാരാണ്‌ ആരോഗ്യസംരക്ഷണത്തില്‍ കൂടുതല്‍ താല്‌പര്യം കാണിക്കുന്നത്‌. ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്ന, 35 വയസിനു താഴെ പ്രായമുള്ളവരില്‍ നല്ലൊരു പങ്കിന്റെയും ഇതിനായുള്ള വിവരസ്രോതസ്‌ അച്ചടി മാധ്യമങ്ങളാണ്‌. പ്രത്യേകിച്ചും ഇന്‍ഡോര്‍, ലക്‌നോ പോലുള്ള മെട്രോയിതര നഗരങ്ങളില്‍.
ആരോഗ്യ പ്രവര്‍ത്തനങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്ന നല്ലൊരു പങ്കും ആരോഗ്യത്തോടെ ഇരിക്കുന്നതിനുള്ള ആരോഗ്യകരമായ വഴിയായി ആരോഗ്യ ഇന്‍ഷുറന്‍സ്‌ പോളിസി വാങ്ങുന്നതിനെ കാണുന്നു. ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ ആരോഗ്യപ്രവര്‍ത്തന പദ്ധതികള്‍ വാഗ്‌ദാനം ചെയ്യുന്നതിനെ 50 ശതമാനം പേരും തുറന്ന മനസോടെയാണ്‌ കാണുന്നത്‌. സര്‍വേയില്‍ പങ്കെടുത്തവരില്‍ 69 ശതമാനംപേരും മെഡിക്കല്‍ ചെലവുകള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ്‌ എടുത്തിരിക്കുന്നവരാണ്‌. 66 ശതമാനം പേര്‍ ചികിത്സാച്ചെലവുകള്‍ക്കായി ക്രമമായി പണം മാറ്റി വയ്‌ക്കുന്നു. മെട്രോ നഗരങ്ങളില്‍ ഇത്‌ യഥാക്രമം 77 ശതമാനവും 75 ശതമാനവും വീതമാണ്‌. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ 79 ശതമാനത്തിനും ആരോഗ്യ പോളിസിയുണ്ട്‌. 69 ശതമാനവും ക്രമമായി പണം നീക്കി വയ്‌ക്കുകയും ചെയ്യുന്നു. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തവരില്‍ 63 ശതമാനത്തിനേ പോളിസിയുള്ളു. പണം നീക്കിവയ്‌ക്കുന്നവര്‍ 64 ശതമാനവും.
ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ അവരുടെ ഇടപാടുകാരെ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാന്‍ പ്രേരിപ്പിക്കുന്ന നടപടികള്‍ എടുക്കുന്നതില്‍ ഒരു ചുവടു മുമ്പിലാണ്‌. അതുകൊണ്ടാണ്‌ ജിം, യോഗ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കു ഐസിഐസിഐ ലൊംബാര്‍ഡ്‌ റീഇംബേഴ്‌സ്‌മെന്റ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.
മെച്ചപ്പെട്ട ആരോഗ്യം രോഗിയാകാനുള്ള സാധ്യതകള്‍ കുറയ്‌ക്കുന്നു. ഡോക്ടര്‍മാരെ കാണുന്നതിനും മറ്റു ചികിത്സയ്‌ക്കുള്ള ചെലവുകളും ഇതു കുറയ്‌ക്കുന്നു. അതുകൊണ്ടു പ്രയാസമാണെങ്കിലും ആരോഗ്യം മെച്ചപ്പെടുത്താനുള്ള നടപടികള്‍ എടുക്കക.

2016, ഓഗസ്റ്റ് 20, ശനിയാഴ്‌ച

ഉമ്മന്‍ ചാണ്‌ിയുടെ മദ്യനയം പാളി, ദുരന്തം അനുഭവിക്കുന്നത്‌ എല്‍ഡിഎഫ്‌




കൊച്ചി
കേരളം കഴിഞ്ഞ രണ്ട്‌ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്‌ത വിഷയമായിരുന്നു മദ്യനയം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും, അതിന്‌ ശേഷം പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടന്‍ തന്നെയും നിലവിലുള്ള മദ്യനയം കാലോചിതമായി പരിഷ്‌കരിക്കുമെന്നും, മദ്യ നിരോധനമില്ല, മദ്യ വര്‍ജ്ജനമാണ്‌ ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടെന്നും പറയുകയും ചെയ്‌തു.
ആദ്യ നിയമസഭാ സമ്മേളനത്തിലെ ഗവര്‍ണറുടെ നയ പ്രഖ്യാപനത്തില്‍തന്നെ ഇത്‌ അസന്നിഗ്‌ദമായി പറയുകയും ചെയ്‌തു.

സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും പാര്‍ട്ടി നിലപാട്‌ വ്യക്തമാക്കി കഴിഞ്ഞു.
കേരളത്തിലെ ടൂറിസം വ്യവസായത്തെ മദ്യ നിരോധനം ശരിക്കും ബാധിച്ചു എന്ന്‌ കഴിഞ്ഞ സര്‍ക്കാരിന്റെ പ്ലാനിങ്‌ ബോര്‍ഡ്‌ നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടും, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ടൂറിസം വകുപ്പ്‌ നടത്തിയ പഠനവും ശരിവച്ചു. അതേസമയം തന്നെ, മദ്യ നിരോധനത്തിന്‌ ശേഷം കേരളത്തിലെ മദ്യ വില്‍പ്പന കൂടുകയാണ്‌ ചെയ്‌തതെന്ന്‌, അടുത്തിടെ പുറത്തുവന്ന സര്‍ക്കാര്‍ കണക്കുകള്‍ തന്നെ പറയുന്നു.
കേരളത്തിലെ മദ്യനയം വീണ്ടും ചര്‍ച്ചയാകപ്പെടുന്ന അവസ്ഥയാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ കാണപ്പെട്ടത്‌. ഈ അവസരത്തില്‍ മലയാളി സമൂഹം ഇത്‌ വരെ മനസ്സിലാക്കാത്ത ചില കള്ളകണക്കുകളുടെ സത്യാവസ്ഥയിലേക്ക്‌ ഒന്നെത്തി നോക്കുന്നത്‌ നന്നായിരിക്കും.
മദ്യ നിരോധനവും ടൂറിസവും
ഇന്ന്‌ ഏകദേശം 1 ലക്ഷം കോടി മുതല്‍ മുടക്കും, 15 ലക്ഷം പേര്‍ നേരിട്ടും മറ്റൊരു 10 ;ലക്ഷം പേര്‍ പരോക്ഷമായും ജോലി ചെയ്യുന്ന, കേരളത്തിന്റെ മൊത്തം അഭ്യന്തര ഉല്‍പാദനതിന്റെ 11 ശതമാനത്തോളം നേടിത്തരുന്ന നമ്മുടെ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ സേവന വ്യവസായ മേഖലയായി ടൂറിസം മേഖല വളര്‍ന്നുകഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 26689.63 കോടി രൂപയാണ്‌ 2015 ല്‍ കേരളം ടൂറിസം വഴി നേടിയത്‌. അതില്‍ 6,949.88 കോടി രൂപ വിദേശ നാണയയിനത്തില്‍ ഉള്ള വരുമാനമാണ്‌.
1,16,95,411 സ്വദേശ സഞ്ചാരികളും, 9,77,479 വിദേശ വിനോദ സഞ്ചാരികളും കഴിഞ്ഞ വര്‍ഷം ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്‌ചകള്‍ കാണാനെത്തി. 2005 മുതല്‍ 2020 വരെ കേരളത്തിന്റെ ഈ രംഗത്തുള്ള വളര്‍ച്ചയുടെ തോത്‌ 10 മുതല്‍ 12 ശതമാനം വരെ ആയിരിക്കുമെന്നാണ്‌ വേള്‍ഡ്‌ ട്രാവല്‍ ആന്‍ഡ്‌ ടൂറിസം കൗണ്‍സില്‍ വിലയിരുത്തിയിരുന്നത്‌. കഴിഞ്ഞ വര്‍ഷം വരെ ആ വളര്‍ച്ചാ നിരക്കില്‍ വലിയ വ്യത്യാസമില്ലാതെ നാം മുന്നേറുകയും ചെയ്‌തു. പക്ഷെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വികലമായ മദ്യനയത്തിലൂടെ കേരളത്തിലെ 740 ബാറുകള്‍ പൂട്ടിയത്‌ മൂലം കേരളത്തിലെ ടൂറിസം രംഗം അതിന്റെ ഏറ്റവും വലിയ തളര്‍ച്ച നേരിട്ടു. കഴിഞ്ഞ വര്‍ഷം ടൂറിസം രംഗത്തെ വളര്‍ച്ചാ നിരക്ക്‌ 6.59 ശതമാനത്തിലേക്ക്‌ മൂക്കുകുത്തി.

ഇതിന്‌ പ്രധാന കാരണം കേരളത്തിലെ മൊത്തം ടൂറിസം വരുമാനത്തിന്റെ ഏകദേശം 25% വരുന്നത്‌ വിവിധ ഹോട്ടലുകളില്‍ നടക്കുന്ന മീറ്റിങ്‌, കണ്‍വെന്‍ഷന്‍, ഗ്രൂപ്പ്‌ ടൂര്‍, എക്‌സിബിഷന്‍ എന്നിവക്കായി വരുന്ന ബിസിനസ്‌ ട്രാവലര്‍, കോര്‍പ്പറേറ്റ്‌ മേധാവികള്‍ എന്നിവരിലൂടെയാണ്‌. 
പകല്‍ മുഴുവന്‍ മീറ്റിങ്‌, ചര്‍ച്ചകള്‍ എന്നിവയ്‌ക്ക്‌ ശേഷം രാത്രികളില്‍ ഭൂരിപക്ഷം പേരും ഭക്ഷണത്തോടൊപ്പം മദ്യം ആവശ്യപ്പെടും. പ്രത്യേകിച്ചും മുംബൈ, ഡല്‍ഹി, ഗുജറാത്ത്‌, പഞ്ചാബ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വരുന്നവര്‍.
ബാര്‍ ഹോട്ടല്‍ അടച്ചപ്പോള്‍ ഈ ബിസിനസ്‌ മുഴുവന്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും, ശ്രീലങ്ക തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്കും പോയി. അത്‌ വഴി കഴിഞ്ഞ സാമ്‌ബത്തിക വര്‍ഷം കോവളം,കൊച്ചി, കുമരകം തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടല്‍ റിസോര്‍ട്ടുകള്‍ക്ക്‌ ഉണ്ടായ നഷ്ടം മാത്രം 1000 കോടി രൂപയില്‍ അധികം വരും. വിദേശ ടൂറിസ്റ്റുകളെ ഈ നിയന്ത്രണം കാര്യമായി ബാധിച്ചില്ല. കാരണം അവര്‍്‌ ബിയര്‍ വൈന്‍ എന്നിവ കൊണ്ട്‌ തൃപ്‌തരാണ്‌. എന്നാല്‍ അഭ്യന്തര ടൂറിസം രംഗത്തെ അത്‌ വലിയ തോതില്‍ ബാധിച്ചു. കേരളത്തില്‍ മദ്യം തന്നെ കിട്ടില്ല എന്ന പ്രചരണം ഉത്തരേന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്കിന്‌ തടസ്സമായി.
വാസ്‌തവത്തില്‍ കേരളത്തില്‍ സമ്‌ബൂര്‍ണ മദ്യ നിരോധനം ഉണ്ടായിരുന്നില്ല. നല്ല നിലയില്‍ ടൂറിസം ആവശ്യത്തിന്‌ മാത്രം പ്രവര്‍ത്തിച്ചിരുന്ന ത്രീസ്റ്റാര്‍ മുതല്‍ ഫൈവ്‌ സ്റ്റാര്‍ ഡിലക്‌സ്‌ വരെയുള്ള സകലമാന ഹോട്ടല്‍ റിസോര്‍ട്ട്‌ ബാറുകളും മോശം നിലയില്‍ കച്ചവടം നടത്തിയിരുന്ന ബാറുകളുടെ കൂട്ടത്തില്‍ അടച്ചു പൂട്ടി. അതെ സമയം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള ബീവറേജസ്‌ കോര്‍പറേഷന്‍ ഔട്ട്‌ ലെറ്റ്‌ വഴി കേരളം മുഴുവന്‍ മദ്യം ഒഴുക്കുന്ന അവസ്ഥയാണ്‌ ഉണ്ടായിരുന്നത്‌. ജനങ്ങള്‍ സ്വസ്ഥമായി ഇരുന്ന്‌ മദ്യം കഴിച്ചിരുന്നത്‌ മാത്രമാണ്‌ നിര്‍ത്തലാക്കിയത്‌ .
മദ്യ വില്‍പ്പനയും, മയക്കു മരുന്ന്‌ കേസുകളും കൂടി
കേരളത്തില്‍ മദ്യ നിരോധനം എന്ന പേരില്‍ ബാറുകള്‍ അടച്ചു പൂട്ടിയപ്പോള്‍ സംഭവിച്ചത്‌ എന്താണെന്ന്‌ പരിശോധിക്കുമ്‌ബോള്‍ ഒരു കാര്യം വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ ഇവിടെ മദ്യ ഉപഭോഗം കുറയുകയല്ല ചെയ്‌തത്‌. അത്‌ പതിന്‍ മടങ്ങ്‌ കൂടുകയാണ്‌ ഉണ്ടായത്‌. വീര്യം കൂടിയ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യങ്ങളുടെ വില്‍പ്പനയില്‍ 201516 സാമ്‌ബത്തിക വര്‍ഷത്തില്‍ 9% മാത്രം കുറവുണ്ടായപ്പോള്‍ ബിയര്‍ വില്‍പ്പനയില്‍ ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത വളര്‍ച്ച നിരക്കായ 61% ത്തിലേക്ക്‌ ഉയരുകയാണ്‌ ചെയ്‌തത്‌.
11,577.29 കോടി രൂപയുടെ മദ്യമാണ്‌ കഴിഞ്ഞ സാമ്‌ബത്തിക വര്‍ഷം കേരളത്തില്‍ വിറ്റഴിച്ചത്‌. അതുവഴി സര്‍ക്കാര്‍ ഖജനാവിലേക്ക്‌ നികുതി ഇനത്തില്‍ 9787.05 കോടി മുതല്‍ക്കൂട്ടായി. മദ്യ നിരോധനം വരുന്നതിന്‌ മുന്‍പ്‌ ഇത്‌ യഥാക്രമം 9,353.74 കോടിരൂപയും, 7,577.77 കോടി രൂപയുമായിരുന്നു.കേരളത്തില്‍ നിലവിലെ കണക്കനുസരിച്ച്‌ സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിന്റെ ഏകദേശം 22% ലഭിക്കുന്നത്‌ മദ്യ വില്‍പ്പനയിലൂടെ ആണ്‌ നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ മദ്യത്തില്‍ നിന്നുള്ള വരുമാനം 25,000 കോടി അടുത്തിരിക്കുന്നു. നമ്മളെക്കാള്‍ മൂന്നിരട്ടി മദ്യം അവിടെ വിറ്റഴിക്കുന്നു എന്ന്‌ ചുരുക്കം.
ബാറുകള്‍ അടച്ചു പൂട്ടിയ 2013ന്‌ മുന്‍പുവരെ കേരളത്തില്‍ ഒരു വര്‍ഷം ആകെ രജിസ്റ്റര്‍ ചെയ്യുന്ന മയക്കു മരുന്ന്‌ കേസുകളുടെ എണ്ണം ആയിരത്തില്‍ താഴെ ആയിരുന്നു. എന്നാല്‍ 2015 ല്‍, കേരള പൊലീസ്‌ മാത്രം 4105 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. കൂടാതെ എക്‌സൈസ്‌ വകുപ്പ്‌ 1430 കേസുകള്‍ വേറെയും രജിസ്റ്റര്‍ ചെയ്‌തു. പിടിയലാവരുടെ എണ്ണത്തില്‍ പ്രയപൂര്‍ത്തി ആകാത്തവരുടെ എണ്ണത്തിലുള്ള വളര്‍ച്ച നിരക്ക്‌ ഭീതിദമാണ്‌.
അതുപോലെ അബ്‌കാരി കേസുകളിലെ വന്‍ വര്‍ദ്ധനയും പരിശോധിക്കപ്പെടെണ്ടതാണ്‌. 2012ല്‍ 10000 ത്തില്‍ താഴെ മാത്രമായിരുന്നു, അത്തരം കേസുകളുടെ എണ്ണം. എന്നാല്‍ 2014 ല്‍ അത്‌ 13,676 ആയി. 2015 ആയപ്പോഴേക്കും കേസുകളുടെ എണ്ണം 15,092ഉം ആയി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം 10,064 ലിറ്റര്‍ അനധികൃത മദ്യം പിടികൂടിയ സ്ഥാനത്ത്‌, ഈ വര്‍ഷം അത്‌ 38,228 ലിറ്റര്‍ ആയി ഉയര്‍ന്നു. ഇത്‌ കൂടാതെ ഒരു ലക്ഷം ലിറ്റര്‍ വാഷും പിടികൂടി. സംസ്ഥാനത്ത്‌ അനധികൃതമായി എത്തുന്ന വ്യാജ മദ്യത്തിന്റെ 30% പോലും പിടികൂടാന്‍ കഴിയാറില്ല എന്ന്‌ എക്‌സൈസ്‌ വകുപ്പ്‌ തന്നെ സമ്മതിക്കുമ്‌ബോഴാണ്‌ ഇതിന്റെ വ്യാപ്‌തി മനസിലാകുക.
മദ്യ ഉപഭോഗത്തിന്റെ കണക്കുകള്‍, കള്ളക്കളികള്‍
മദ്യ നിരോധനവും, മദ്യ വര്‍ജ്ജനവും, മദ്യ വ്യാപനവും, മദ്യാസക്തിയുമായി ബന്ധപ്പെട്ട എന്തു കാര്യം പറയുമ്‌ബോഴും എല്ലാവരും കണ്ണടച്ചു പറയുന്ന കാര്യമാണ്‌ മലയാളി ഇന്ത്യയിലെ ഏറ്റവും വലിയ കുടിയന്മാരാണ്‌ എന്ന്‌. കേരളം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപഭോഗമുള്ള സംസ്ഥാനമാണ്‌ എന്ന്‌. വാസ്‌തവം എന്താണ്‌? യഥാര്‍ത്ഥത്തില്‍ ഈ കണക്കുകള്‍ ശരിയാണോ? ഏത്‌ കണക്കുകളുടെ അടിസ്ഥാനത്തിലാണ്‌ മലയാളിയെ മൊത്തം അപമാനിതരാക്കുന്ന ഇത്തരം കണക്കുകള്‍ നമ്മുടെ മാദ്ധ്യമങ്ങളും, മത മേലദ്ധ്യക്ഷന്മാരും, ചില രാഷ്ട്രീയക്കാരും വാതോരാതെ പറയുന്നത്‌?
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വകുപ്പുകളുടെയോ, പൊതു മേഖല സ്ഥാപനങ്ങളുടെയോ കണക്കുകളാണ്‌, കണക്കുകളുടെ അടിസ്ഥാനത്തിലുള്ള ആധികാരികത ഉറപ്പു വരുത്താനുള്ള ഏറ്റവും എളുപ്പത്തിലുള്ള മാര്‍ഗം. അങ്ങനെ ആണെങ്കില്‍ ഇതിന്‌ അവലംബിക്കുവാന്‍ നമ്മുടെ മുന്നിലുള്ള ഏറ്റവും ആധികാരികത ഉള്ള പഠന റിപ്പോര്‍ട്ട്‌ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നാഷണല്‍ സാംപിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍ എന്ന സ്ഥാപനമാണ്‌. ഇന്ത്യയിലെ ജനങ്ങളുടെ വിവിധ മേഖലയിലുള്ള സാമൂഹിക, സാമ്‌ബത്തിക, ആരോഗ്യ രംഗത്തെ ഏറ്റവും മികച്ചതും, സത്യസന്ധവുമായ കണക്കുകള്‍ തയ്യാറാക്കുന്നത്‌ അവരാണ്‌.
നാഷണല്‍ സാംപിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍ 20112012 വര്‍ഷത്തിലാണ്‌ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളെയും, കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി, വിവിധ തരത്തിലുള്ള ലഹരി പദാര്‍ത്ഥങ്ങളുടെ ഉപഭോഗത്തെ സംബന്ധിച്ച ദേശീയ സര്‍വ്വേ നടത്തിയത്‌. നാടന്‍ കള്ള്‌, ചാരായം, ബിയര്‍, വൈന്‍, ലഹരി കൂടിയ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യങ്ങള്‍, ബീഡി, സിഗരറ്റുകള്‍ തുടങ്ങി എല്ലാവിധ ലഹരി പദാര്‍ത്ഥങ്ങളെയും കുറിച്ചുള്ള ഏറ്റവും ആധികാരികമായ പഠന റിപ്പോര്‍ട്ട്‌ ഇതുവരെ പരിശോധിക്കാന്‍, ഉത്തരവാദപ്പെട്ട മുഖ്യധാരാ മാദ്ധ്യമങ്ങളോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ, ഭരണ നേതൃത്വമോ, രാഷ്ട്രീയ നേതാക്കളോ, സാമൂഹ്യ സാംസ്‌കാരിക നായകരോ തയ്യാറായില്ല എന്നത്‌ തികച്ചും പ്രതിഷേധാര്‍ഹവും, സങ്കടകരവുമാണ്‌.
കഴിഞ്ഞ ആറേഴ്‌ വര്‍ഷവും മലയാളിയെ ഇന്ത്യയിലെ ഏറ്റവും വലിയ കുടിയനായി ചിത്രീകരിച്ച വാര്‍ത്താ ദൃശ്യ മാദ്ധ്യമങ്ങള്‍ കാട്ടിയ അക്ഷന്തവ്യമായ പിഴവ്‌ ഒരു സംസ്ഥാനത്തെ മുഴുവന്‍ എത്രമാത്രം അപഹാസ്യരാക്കിയെന്ന്‌ ഈ ലേഖകന്‍ പറയുന്നില്ല. ഓരോ മലയാളിക്കും പകല്‍ പോലെ വ്യക്തമായ കാര്യമാണ്‌ ഇത്‌. ഈ കണക്കുകള്‍ വിശദമായി പരിശോധിച്ചാല്‍ നമ്മുടെ കേരളത്തെ കുറിച്ചുള്ള അബദ്ധ ജടിലങ്ങള്‍ ആയ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ നിഷ്‌പ്രയാസം സാധിക്കും.
അത്തരം റിപ്പോര്‍ട്ടുകള്‍ നമ്മുടെ മുന്‍പില്‍ ലഭ്യമായിരിക്കെ എന്തിനാണ്‌ എല്ലാവരും ഇത്തരം തെറ്റായ ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുന്നത്‌. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ഒരാള്‍ ഒരാഴ്‌ച കഴിക്കുന്ന മദ്യത്തിന്റെ ശരാശരി അളവ്‌ 220 മില്ലി ലിറ്ററും വാര്‍ഷിക ഉപഭോഗം 11.4 ലിറ്ററുമാണ്‌. കള്ളാണ്‌ ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന ലഹരി എങ്കില്‍ നാടന്‍ വാറ്റ്‌ ചാരായമാണ്‌ തൊട്ടടുത്തു നില്‍ക്കുന്നത്‌.
എന്നാല്‍ നഗരത്തിലെ ഒരാള്‍ കഴിക്കുന്ന മദ്യത്തിന്റെ അളവ്‌ ആഴ്‌ചയില്‍ 96മില്ലി 5 ലിറ്ററും, വാര്‍ഷിക ഉപഭോഗം 5 ലിറ്ററുമായാണ്‌ കണക്കാക്കിയിരിക്കുന്നത്‌. എന്നാല്‍ നഗരങ്ങളില്‍ ചാരായവും, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമാണ്‌ കൂടുതല്‍ പ്രിയം. അങ്ങനെ ആണെങ്കില്‍ ഇന്ത്യയിലെ ഏതു സംസ്ഥാനമായിരിക്കും ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നത്‌. കള്ളും, ചാരായവും ഉപയോഗിക്കുന്നവരുടെ മുന്‍പന്തിയില്‍ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ആയ ദാദ്ര ആന്‍ഡ്‌ നഗര്‍ ഹവേലി, ആന്‍ഡമാന്‍ ആന്‍ഡ്‌ നിക്കോബാര്‍ ദ്വീപുകളും, അരുണാചല്‍ പ്രദേശുമാണ്‌ ആദ്യ മൂന്ന്‌ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നത്‌.
വലിയ സംസ്ഥാനങ്ങളായ ആന്ധ്ര പ്രദേശ്‌, തെലുങ്കാന, ആസ്സാം, ജാര്‍ഖണ്ഡ്‌, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ എല്ലാം ഇക്കാര്യത്തില്‍ നമ്മുടെ കേരളത്തേക്കാള്‍ മുന്നിലാണ്‌. നമ്മുടെ സ്ഥാനം അയല്‍ സംസ്ഥാനമായ കര്‍ണാടകക്ക്‌ ഒപ്പം ഏഴാം സ്ഥാനത്താണ്‌. ബിയറും വൈനും , ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും കഴിക്കുന്നവരിലും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ആയ ദാമന്‍ ആന്‍ഡ്‌ ദിയു, ആന്‍ഡമാന്‍ ആന്‍ഡ്‌ നിക്കോബാര്‍ ദ്വീപുകള്‍, ദാദ്ര ആന്‍ഡ്‌ നഗര്‍ ഹവേലി, അരുണാചല്‍ പ്രദേശ്‌, സിക്കിം, പുതുച്ചേരി എന്നിവ ഒന്നാം സ്ഥാനം തുല്യമായി പങ്കിടുമ്‌ബോള്‍ രണ്ടാമത്തെ സ്ഥാനത്തിനായുള്ള മത്സരം ഗോവയും, ആന്ധ്ര പ്രദേശും, തെലുങ്കാനയും ആണ്‌. മൂന്നാം സ്ഥാനത്തിനായി നമ്മുടെ കൊച്ചു കേരളം അയല്‍ സംസ്ഥാനമായ കര്‍ണാടകക്ക്‌ ഒപ്പം പൊരുതുന്നു.
ഇനി എല്ലാ തരം മദ്യങ്ങളും ഉപയോഗിക്കുന്നവരുടെ ശരാശരി കണക്കു എടുത്താല്‍ ആന്ധ്രയും, തെലുങ്കാനയും തന്നെ മുന്നില്‍. ഒരാഴ്‌ച ഒരു വ്യക്തിയുടെ ശരാശരി ഉപയോഗം 665 മില്ലി ലിറ്റര്‍ ആണ്‌ ഉള്ളത്‌. വാര്‍ഷിക ഉപഭോഗം ഏകദേശം 34.5 ലിറ്ററും ആണ്‌. എന്നാല്‍ കേരളത്തിലോ ശരാശരി മലയാളി കഴിക്കുന്ന മദ്യത്തിന്റെ അളവ്‌ ആഴ്‌ചയില്‍ വെറും 196 മില്ലി ലിറ്ററും, വാര്‍ഷത്തില്‍ 10. 2 ലിറ്ററും ആണെന്നിരിക്കെ എന്തിനാണ്‌ വെറും കള്ളക്കണക്കിന്റെ പേരില്‍ നാമിത്രയും കാലം ലോകത്തിന്‌ മുന്നില്‍ അപമാനിതരായത്‌. ഗൂഗിളില്‍ ഒന്നു സെര്‍ച്‌ ചെയ്‌തു നോക്കിയാല്‍ ബി ബി സിയും, എക്കണോമിസ്‌റ്‌ അടക്കമുള്ള പ്രശസ്‌തമായ പ്രസിദ്ധീകരങ്ങള്‍ വരെ നമ്മുടെ മദ്യാസക്തി ഇന്ത്യയിലെ ഏറ്റവും കൂടുതലുള്ളവരായി ചിത്രീകരിച്ചിരിക്കുന്നത്‌ കാണാം. അന്യഭാഷാ തൊഴിലാളികളും മദ്യ ഉപഭോഗവും കാണാത്ത കണക്കുകള്‍.
ശരിക്കും കേരളത്തില്‍ എത്ര കുടിയന്മാരുണ്ട്‌
ഇനി വേറൊരു കണക്ക്‌ കൂടി നോക്കാം. കേരളത്തില്‍ എത്ര കുടിയന്മാരുണ്ട്‌? മദ്യം ഇടക്കൊക്കെ ഉപയോഗിക്കുന്നവര്‍ എത്ര പേരുണ്ട്‌? അമിത മദ്യാസക്തി ഉള്ളവര്‍ എത്ര പേരുണ്ട്‌? അപ്പോഴും നിജസ്ഥിതി അറിയുമ്‌ബോള്‍ ഓരോ മലയാളിയും ഞെട്ടും. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഒരിക്കലെങ്കിലും മദ്യം ഉപയോഗിച്ചവരായുള്ളത്‌ 45 ലക്ഷം പേരാണ്‌. അവരില്‍ സ്ഥിരം മദ്യം ഉപയോഗിക്കുന്നവര്‍ ഏകദേശം 32 ലക്ഷം പേരാണ്‌. അവരില്‍ തന്നെ നിരന്തരം മദ്യം ഉപയോഗിക്കുന്നവര്‍ 20 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയ്‌ക്കാണ്‌. അമിത മദ്യാസക്തി ഉള്ളവര്‍ വെറും അഞ്ചു ലക്ഷത്തില്‍ താഴെ ആളുകളും.
അടുത്ത ഒരു കണക്കു കൂടി പരിശോധിക്കുമ്‌ബോഴേ സത്യത്തിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ. മലയാളിയുടെ അമിത മദ്യാസക്തി കൂടിയിട്ട്‌ ഏകദേശം പത്തു വര്‍ഷത്തോളം ആകുന്നു എന്ന്‌ മദ്യത്തെ സ്‌നേഹിക്കുന്നവരും, എതിര്‍ക്കുന്നവരും ഒരേ പോലെ സമ്മതിക്കും. എന്തായിരുന്നു, കേരളത്തില്‍ ജീവിക്കുന്ന മലയാളിയുടെ പെട്ടെന്നുള്ള ഈ സാമൂഹിക മാറ്റത്തിന്‌ കാരണം. അവിടെയാണ്‌ ഈ കണക്കുകളുടെ എല്ലാം ഉള്ളു കള്ളി വെളിച്ചത്താവുന്നത്‌.
കാരണം സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലൊപ്‌മെന്റ്‌ സ്റ്റഡീസ്‌ അഥവാ ഇഉട എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഗവേഷണ പഠന സ്ഥാപനം അടുത്തിടെ ഇറക്കിയ റിപ്പോര്‍ട്‌ പ്രകാരം കേരളത്തില്‍ നിലവില്‍ 28 ലക്ഷം മുതല്‍ 30 ലക്ഷം വരെ അന്യഭാഷാ തൊഴിലാളികള്‍ ജോലി ചെയ്യുന്നു. അവരില്‍ മൂന്നില്‍ രണ്ട്‌ പേരും സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവാരാണ്‌. അതായത്‌ ഏകദേശം 19 മുതല്‍ 20 ലക്ഷം വരെ അന്യഭാഷാ തൊഴിലാളികളും മദ്യം ഉപഭോഗവസ്‌തുവായി കരുതുന്നവരാണ്‌.
അങ്ങിനെ ആണെങ്കില്‍ യഥാര്‍ത്ഥത്തില്‍ വെറും പതിനഞ്ച്‌ ലക്ഷത്തില്‍ താഴെ മാത്രം മലയാളികളാണ്‌ മദ്യം സ്ഥിരമായി ഉപയോഗിക്കുന്നവര്‍. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ആണ്‌ കേരളത്തിലെ തൊഴില്‍ മേഖലയിലേക്ക്‌ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ കൂട്ടത്തോടെ വന്നെത്തിയത്‌. എന്തു കൊണ്ട്‌ നമ്മുടെ സാമൂഹ്യ ശാസ്‌ത്ര വിദഗ്‌ധരോ, വികസനോന്മുഖ വാര്‍ത്തകളുടെ ഉസ്‌താദുകളായ മാദ്ധ്യമ പ്രവര്‍ത്തകരോ ഇതൊന്നും വിശകലനം ചെയ്യുകയോ, വര്‍ത്തകളക്കുകയോ, ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്‌തില്ല.
കേരളത്തിലെ ഈ മദ്യ ഉപഭോഗത്തെ സാധൂകരിക്കുന്ന ഒരു കണക്കു കൂടി ലഭ്യമാണ്‌. അതായത്‌ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിക്കപ്പെടുന്ന സംസ്ഥാന ബീവറേജസ്സ്‌ കോര്‍പറേഷന്‍ ചില്ലറ വില്‍പ്പന ശാലകളില്‍ ആദ്യ പത്തിലെ കൂടുതല്‍ ഷോപ്പുകളും ചാലക്കുടി, പെരുമ്‌ബാവൂര്‍, മുവാറ്റുപുഴ, വര്‍ക്കല തുടങ്ങിയ സ്ഥലങ്ങളില്‍ എല്ലാം അന്യഭാഷാ തൊഴിലാളികളുടെ അനിയന്ത്രിതമായ സാന്ദ്രത ഉള്ള ഇടങ്ങളാണ്‌.
അന്യഭാഷാ തൊഴിലാളികളുടെ അമിത മദ്യപാനത്തിനും ഒരു കാരണമുണ്ട്‌. ബിഹാര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒരു പുരുഷ തൊഴിലാളിക്ക്‌ ഇന്നും ലഭിക്കുന്ന ദിവ വേതനം 200 രൂപയില്‍ താഴെയാണ്‌. കേരളത്തില്‍ അതു 700 രൂപക്ക്‌ മുകളില്‍ ആണ്‌ ശനിയാഴ്‌ച ഉച്ച തിരിഞ്ഞ്‌ തന്റെ കയ്യില്‍ ലഭിക്കുന്ന വേതനത്തില്‍ നല്ലൊരു പങ്കും അന്ന്‌ തന്നെ സ്വന്തം നാട്ടിലേക്കു അയക്കും. എന്നാലും കയ്യില്‍ സ്വന്തം ചെലവിനായി മാറ്റിവച്ച നല്ലൊരു തുക കാണും. ഇത്‌ അവര്‍ കൂട്ടായുള്ള മദ്യപാനത്തിനായി പങ്കിട്ട്‌ ചിലവഴിക്കും. വാരാന്ത്യങ്ങളില്‍ നമ്മുടെ ചില്ലറ മദ്യ വില്‍പ്പന ശാലകളില്‍ നടക്കുന്ന തിരക്കിന്റെയും, മികച്ച വ്യാപാരത്തിന്റെയും കണക്കുകളുടെ പിറകിലെ സാമ്‌ബത്തിക സാമൂഹിക ശാസ്‌ത്രമാണ്‌ ഇത്‌.
അവരുടെ മദ്യപാന ശീലം കേരളത്തിന്റെ സമ്‌ബത്‌ വ്യവസ്ഥയ്‌ക്കുണ്ടാക്കുന്ന നേട്ടങ്ങള്‍ വേറെയും കണക്കാക്കണം. 730 ബാറുകള്‍ അടച്ചിട്ടും ദിവസം തോറും നമ്മുടെ സര്‍ക്കാര്‍ ഖജനാവിനെ പൊന്നു പോലെ കാത്തു സൂക്ഷിക്കുന്ന അന്യഭാഷാ തൊഴിലാളിയെ നമുക്ക്‌ വീണ്ടും അംഗികരിക്കാം. വേറൊരു കാര്യവും ഇത്തരുണത്തില്‍ പറയാതെ വയ്യ. ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മലയാളി നമ്മുടെ സമൂഹത്തിലെ വികസന പങ്കാളികളായ ബിഹാറിയെയോ, ബംഗാളിയെയോ നമ്മിലൊരാളായി അംഗീകരിച്ചിട്ടില്ല. (ഗള്‍ഫ്‌ രാജ്യങ്ങളിലെ അറബികള്‍ നമ്മുടെ പ്രവാസി തൊഴിലാളികളെ കാണുന്ന അതേ അവസ്ഥ.) ഈ സാമൂഹിക യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ ഭായിമാര്‍ക്ക്‌ മുന്നില്‍ അപ്പോള്‍ ഒരേ ഒരു മാര്‍ഗമോ ഉള്ളൂ. പണിയില്ലാത്ത ദിവസം സ്വന്തം വാസ സ്ഥലത്ത്‌, അതു എത്ര വൃത്തി ഹീനമാണെങ്കിലും, തിങ്ങി നിറഞ്ഞത്‌ ആണെങ്കിലും പുറത്തിറങ്ങാതെ കഴിഞ്ഞു കൂട്ടുക. വാരാന്ത്യങ്ങളില്‍ സമയം ചെലവഴിക്കാനുള്ള ഒരേ ഒരു മാര്‍ഗം അമിത മദ്യപാനം. അതവര്‍ ഭംഗിയായി നിര്‍വഹിക്കുന്നു. അതു മൂലമുണ്ടാകുന്ന മറ്റു സാമൂഹിക പ്രശ്‌നങ്ങളിലേക്ക്‌ ഇപ്പോള്‍ കടക്കുന്നില്ല.
വാസ്‌തവത്തില്‍ ആരാണ്‌ ഇതിനൊക്കെ ഉത്തരവാദി. നമ്മെ ഭരിച്ച സര്‍ക്കാരോ, കണക്കുകള്‍ കൃത്യമായി ഉണ്ടാക്കുകയും, സൂക്ഷിക്കുകയും ചെയുന്ന ഉദ്യോഗസ്ഥരോ, അതുമല്ല അവര്‍ പറയുന്ന കള്ളകണക്കുകള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്ന മാദ്ധ്യമങ്ങളോ ? എന്തായാലും കേരളത്തിന്റെ പുതിയ മദ്യനയം വരുമ്‌ബോഴേക്കും നമുക്ക്‌ മലയാളിയുടെ മദ്യാസക്തിയെ പറ്റിയുള്ള തെറ്റിധാരണ ഒന്നു മാറ്റണം. അതിനായി സൈബര്‍ ലോകത്തെ മുഴുവന്‍ മലയാളികളും ഒന്നിക്കണം. നമ്മുടെ അന്തസ്സും, അഭിമാനവും ഒട്ടും താമസിയാതെ വീണ്ടെടുക്കണം.
വരുന്ന കേരള പിറവി ദിനത്തിലോ, പറ്റുമെങ്കില്‍ അതിന്‌ മുന്‍പ്‌ തന്നെയോ നമുക്ക്‌ ലോകത്തിന്‌ മുന്‍പില്‍ ഈ തെറ്റായ കണക്കുകള്‍ സഹിതം വിളിച്ചു പറയണം. മലയാളി കുടിയനല്ല. അത്‌ ആളോഹരി മദ്യ ഉപഭോഗത്തിന്റെ കാര്യത്തില്‍ ആണെങ്കിലും, മൊത്തം കുടിയന്മാരുടെ കാര്യത്തില്‍ ആണെങ്കിലും. മദ്യാസക്തി എന്ന രോഗാവസ്ഥയില്‍ ഉള്ളവര്‍ ഇവിടെ ഇന്ത്യയിലെ ഏറ്റവും പിറകില്‍ നില്‍ക്കുന്നവരുടെ കൂട്ടത്തിലാണെന്ന്‌. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി ആരോ പറഞ്ഞ കണക്കുകളും, മാദ്ധ്യമ വാര്‍ത്തകളും കേട്ട്‌ അടിവരയിട്ട്‌ പറഞ്ഞ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന പൗരന്മാര്‍ ഉള്ള കേരളവും, ആളോഹരി ഇന്ത്യയിലെ ഏറ്റവും വലിയ കുടിയന്മാര്‍ മലയാളി മദ്യപനുമാണെന്ന തെറ്റിദ്ധാരണ തിരുത്തി കുറിക്കുകയും വേണം.
അങ്ങനെ ആകെ മൊത്തം കണക്കുകളുടെ ഒരു കള്ളക്കളി ആണ്‌ കേരളത്തിലെ മദ്യപാനശീലത്തെയും, മദ്യ ഉപഭോഗത്തെയും പറ്റി വിശകലനം ചെയ്യുമ്‌ബോള്‍ കിട്ടുന്നത്‌. ഇതൊക്കെ വരും നാളുകളില്‍ കേരളം വിശദമായി ചര്‍ച്ചകള്‍ക്ക്‌ വിധേയമാക്കണം. എങ്കില്‍ മാത്രമേ ലഹരിയുടെ സാമൂഹിക സാമ്‌ബത്തിക ശാസ്‌ത്രം യാഥാര്‍ഥ്യ ബോധത്തോടെ വിശകലനം ചെയ്യാനും, അതു ഭാവി കേരളത്തിന്റെ വളര്‍ച്ചക്ക്‌ ഉപയോഗിക്കാനും കഴിയുകയുള്ളു.
(സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗവും, മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ കെ വി രവിശങ്കര്‍ ടൂറിസം ഇന്ത്യ മാസികയുടെ എഡിറ്ററും, പബ്ലിഷറുമാണ്‌. കേരളത്തിലെ ടൂറിസം മാദ്ധ്യമ രംഗത്തെ തുടക്കക്കാരില്‍ ഒരാളുമാണ്‌ രവിശങ്കര്‍)




2015, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് കളമശ്ശേരി എസ് ഡിസി വിദ്യാര്‍ത്ഥികള്‍



കൊച്ചി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് നേരിട്ട് നടത്തുന്ന ഏകകോഴ്‌സിനോട് അവഗണന കാട്ടുന്നതായി ആരോപണം. സ്വകാര്യസ്ഥാപനങ്ങളെ സഹായിക്കാനായി അവഗണന കാട്ടുകയാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.
കളമശേരി സൂപ്പര്‍വൈസറി ഡെവലപ്പ്‌മെന്റ് സെന്ററില്‍ നടത്തുന്ന ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എഞ്ചിനീയറിംഗ് ഡിപ്ലോമാ കോഴ്‌സിനോടാണ് സര്‍ക്കാരിന്റെ അഴഗണന. കോഴ്‌സ് കാലാവധി പൂര്‍ത്തിയാക്കി മൂന്നു മാസമാകുമ്പോഴും പരീക്ഷ പോലും പൂര്‍ത്തിയായിട്ടില്ല. ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ സൂക്ഷ്മ പരിശോധനാ തീയതി കഴിഞ്ഞിട്ടും മാര്‍ക്ക് ലിസ്റ്റുകള്‍ വിതരണം ചെയ്തിട്ടുമില്ല.
സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച പരാതികളെ തുടര്‍ന്ന് രണ്ട് അന്വേഷണങ്ങള്‍ നടന്നെങ്കിലും റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവച്ചിരിക്കുകയാണ്.

2015, മാർച്ച് 13, വെള്ളിയാഴ്‌ച

മാലിന്യം നിറഞ്ഞ രാമേശ്വരം കനാല്‍ മേയറും എംഎല്‍എയും കണ്‍നിറയെ കണ്ടു



ഫോര്‍ട്ട്‌കൊച്ചി: കൊച്ചി നഗരസഭയുടെ വിവേചനത്തില്‍ ദുരിതം സഹിക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ്‌ ഫോര്‍ട്ട്‌കൊച്ചി പാണ്ടിക്കുടിയിലെ ജനങ്ങള്‍.
ഈ പ്രദേശത്തുകൂടി കടന്നുപോകുന്ന രാമേശ്വരം കനാലിലെ മാലിന്യം നീക്കം ചെയ്യാത്തതാണ്‌ ദുരിത്തിനു കാരണം. കനാലിന്റെ തുടക്ക ഭാഗവും അവസാനഭാഗവും വൃത്തിയാക്കിയെങ്കിലും പ്രധാനമായ മധ്യഭാഗത്തെ നഗരസഭ അവഗണിക്കുകയായിരുന്നു. 
രാമേശ്വരം കനാലിന്റെ മേല്‍ഭാഗം മാലിന്യശേഖരം വെയിലില്‍ ഉണങ്ങി റബര്‍ കിടക്കപോലെ ആയിരിക്കുയാണ്‌. മൂന്നര കിലോമീറ്റര്‍ നീളമുള്ള കനാലില്‍ പാണ്ടിക്കുടിയിലാണ്‌ ഈ ദുര്‍ഗതി. നാട്ടുകാര്‍ പലതവണ പരാതി പറഞ്ഞിട്ടും ദുരിത ജീവിതം തുടരാനാണ്‌ ഇവിടത്തുകാരുടെ വിധി. കൗണ്‍സിലറോട്‌ പലതവണ പരാതി ആവര്‍ത്തിക്കുയും ധര്‍ണ നടത്തുകയും ചെയ്‌തിട്ടും ഫലമൊന്നുമുണ്ടായില്ല. 
സ്ഥലം എംഎല്‍എ കൂടിയായ ഡോമനിക്‌ പ്രസന്റേഷനും മേയര്‍ ടോണി ചമ്മിണിയും നേരിട്ടു വന്നു കണ്ടു മടങ്ങി എന്നല്ലാതെ യാതൊരു പ്രയോജനവും ഇവരെക്കൊണ്ട്‌ ഉണ്ടായില്ലെന്നു നാട്ടുകാര്‍ പറയുന്നു.
നല്ലൊരു ആഴവും വീതിയും ഈ കനാലിനുണ്ടായിരുന്നു. വള്ളങ്ങള്‍ പോലും പണ്ട്‌ ഈ കനാലിലൂടെ എത്തുമായിരുന്നു. വേലിയേറ്റവും വേലിയിറക്കം ഉണ്ടായാലും മാലിന്യം തരിപോലും ഇവിടെ അടിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന്‌ കനാല്‍ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുന്നു. മഴക്കാലമാണ്‌ ഇവര്‍ക്കു ദുരിതം മാലിന്യം വീടുകളിലേക്കും കുടിവെള്ള പൈപ്പുകളിലേക്കും കയറും. അതോടൊപ്പം രോഗങ്ങളും. . മാലിന്യം കൂടിക്കിടക്കുന്നതിനാല്‍ കൊതുകിനും പുഴുക്കള്‍ക്കും പുറമെ എലികളുടെ ശല്യവും നാട്ടുകാര്‍ സഹിക്കണം.

പുതിയ ഗ്യാസ്‌ കണക്‌്‌ഷന്റെ പേരില്‍ വിറ്റഴിക്കാത്ത ഉല്‍പ്പന്നങ്ങള്‍ കെട്ടിയേല്‍പ്പിക്കുന്നു




കൊച്ചി
പുതിയ ഗ്യാസ്‌ കണക്ഷന്‍ എടുക്കാന്‍ എത്തുന്നവരില്‍ നിന്ന്‌ ഗ്യാസ്‌ ഏജന്‍സികള്‍ വന്‍ തുക പിടുങ്ങുന്നു.
ഓരോ പുതിയ കണക്ഷനും 2500 രൂപ മുതല്‍ 3000 രൂപവരെയാണ്‌ ഇവര്‍ അനധികൃതമായി ഈടാക്കുന്നത്‌. 
ഒരു സിലിണ്ടറോടുകൂടിയ പുതിയ കണക്ഷന്‌ 2800രൂപയെന്ന്‌ ഭാരത്‌ ഗ്യാസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു. പക്ഷേ, ഒരു ഏജന്‍സിയും ഈ വിലയ്‌ക്ക ഗ്യാസ്‌ കണക്ഷന്‍ തരില്ല. 
കാരണം ലളിതം കണക്ഷന്‍ മാത്രം എടുത്താല്‍ പോര. സ്‌റ്റൗ ,ലൈറ്റര്‍, സിലിണ്ടര്‍ വെക്കാനുള്ള ട്രോളി ഇതെല്ലാം ഏജന്‍സിയില്‍ നിന്നും എടുത്താലെ കണക്ഷന്‍ തരുകയുള്ളു. 
ഏജന്‍സികള്‍ക്കു വില്‍ക്കാനുള്ള സാധനങ്ങള്‍ കുക്കര്‍ മുതല്‍ വാക്വം ക്ലീനര്‍,വാട്ടര്‍ പ്യുരിഫയറും ഒക്കെ ആകുന്നതിനുസരിച്ച്‌ ഗ്യാസ്‌ കണക്ഷന്‍ കിട്ടാനുള്ള മുതല്‍ മുടക്ക്‌ 6500 രൂപവരെയാകും. ഗ്യാസ സ്റ്റൗ സ്വന്തമായി ഉണ്ടെങ്കിലും രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ പഴയതാകരുതെന്നാണ്‌ കലൂരിലെ എച്ച്‌ പി ഗ്യാസ്‌ ഏജന്‍സിക്കാര്‍ മറുപടി നല്‍കിയത്‌. മാത്രമല്ല അത്‌ പരിശോധിക്കാന്‍ വീട്ടില്‍ ആളുവരും. അതിനു ശേഷമേ കണ്‌ക്ഷന്‍ തരുകയുളളു. ഇത്‌ നിയമമാണത്രെ. 
എന്നാല്‍ ഇത്തരത്തില്‍ ഒരു നിയമവും ഇല്ലെന്നും കണക്ഷന്‍ എടുക്കുമ്പോള്‍ മറ്റെന്തെങ്കിലും നിര്‍ബന്ധിച്ചു അടിച്ചേല്‍പ്പിക്കാന്‍ ഏജന്‍സിക്കാര്‍ക്ക്‌ അവകാശമില്ലെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു. 
ചുരുക്കത്തില്‍ 2800 രൂപയ്‌ക്ക്‌ സര്‍ക്കാര്‍ നല്‍കാന്‍ പറയുന്ന കണക്ഷന്‌ ഏജന്‍സിക്കാര്‍ പിടുങ്ങുന്നത്‌ 5400 രൂപ. അങ്ങനെ ഗ്യാസ്‌ ഏജന്‍സികള്‍ സാധാരണക്കാരന്റെ കീശയില്‍ നിന്നും കയ്യിട്ടുവാരുന്നത്‌ 3700 രൂപവരെയാണ