2011, ജൂൺ 9, വ്യാഴാഴ്‌ച

ഒടുവില്‍ കൊച്ചി മെട്രോ റെയ്‌ലിനു പച്ചക്കൊടി

ഓടുവില്‍ കൊച്ചി മെട്രോ റയില്‍ ട്രാക്കിലേക്കു നീങ്ങുന്നു . പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമാകുന്നു. ആദ്യഘട്ട പ്രവൃത്തികള്‍ നടത്തുന്നതിന്‌ ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ ആവശ്യപ്പെട്ട ജി.സി.ഡി.എ യുടെ പക്കലുളള മണപ്പാട്ടിപ്പറമ്പ്‌, കെ.എസ്‌.ആര്‍.ടി.സി യുടെ സ്ഥലം എന്നിവ ഡി.എം.ആര്‍.സി ക്കു കൈമാറും. സ്ഥലങ്ങള്‍ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു.
എറണാകുളം നോര്‍ത്ത്‌ മേല്‍പ്പാലം പുതുക്കി നിര്‍മിക്കുന്നതിനും സലീം രാജന്‍ റോഡില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിനുമായാണ്‌ ഈ സ്ഥലങ്ങള്‍ ഡി.എം.ആര്‍.സി ക്കു താല്‌കാലികമായി കൈമാറുന്നത്‌. 7344 ചതുരശ്ര മീറ്റര്‍ സ്ഥലമാണ്‌ മണപ്പാട്ടിപ്പറമ്പിലേത്‌. 1500 ചതുരശ്രമീറ്റര്‍ സ്ഥലം കെ.എസ്‌.ആര്‍.ടി.സി യിലുമുണ്ട്‌.
നോര്‍ത്ത്‌ മേല്‍പ്പാലത്തിലെ ഇരുഭാഗങ്ങളിലുമുളള നാലര മീറ്റര്‍ വീതിയിലുമുളള പാലങ്ങള്‍ പൊളിച്ചാണ്‌ ആദ്യ നിര്‍മാണം തുടങ്ങുക. ഇരുഭാഗങ്ങളും പൂര്‍ത്തിയാക്കി മധ്യഭാഗവും ശരിയാക്കുന്നതിനൊപ്പം ഒന്നരമീറ്റര്‍ വിസ്‌തീര്‍ണമുളള മെട്രോ റയിലിനായുളള പൈലും ഉറപ്പിക്കും. ഇരുഭാഗങ്ങളിലും ഒന്നരമീറ്റര്‍ വീതം വീതിയുളള നടപ്പാതയും ഒരുക്കും.
പണി തുടങ്ങുന്നതോടെ നോര്‍ത്തിലുണ്ടാകുന്ന ഗതാഗതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു സിറ്റി പോലീസ്‌ കമ്മീഷണര്‍ അജിത്‌ കുമാറിന്റെ നേതൃത്വത്തില്‍ വിദഗ്‌ധ പഠനം നടത്തി പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. നഗരത്തിലെ ഇടറോഡുകളും മറ്റും ഗതാഗതയോഗ്യമാക്കി വഴി തിരിച്ചുവിടാനാണ്‌ പദ്ധതി. ഇതുമായി ബന്ധപ്പെട്ടവരുടെ ഒരു യോഗം ജില്ലയുടെ ചുമതലയുളള എക്‌സൈസ്‌ മന്ത്രി കെ.ബാബു അടുത്ത ദിവസം തന്നെ വിളിച്ചു ചേര്‍ക്കുന്നുണ്ട്‌.
മെട്രോ റയില്‍ കോര്‍പറേഷന്‍ പ്രോജക്‌ട്‌ ഡയറക്‌ടര്‍ പി.ശ്രീറാം പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുളള രൂപരേഖ ഇതിനകം ജില്ലാ കളക്‌ടര്‍ക്കു കൈമാറിയിട്ടുണ്ട്‌. 18 മാസത്തിനകം ആദ്യഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. പ്രാരംഭത്തിലുളള അഞ്ചുപ്രവൃത്തികള്‍ക്ക്‌ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ്‌ സര്‍ക്കാര്‍ അനുമതി നല്‍കിയത്‌.
നോര്‍ത്ത്‌ മേല്‍പ്പാലം നാലുവരിയായി പുനര്‍നിര്‍മിക്കുകയാണ്‌ ഇതില്‍ ആദ്യം. 80.59 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ ദക്ഷിണറയില്‍വെ 13.86 കോടിയും സംസ്ഥാന സര്‍ക്കാര്‍ 49.09 കോടിയും മെട്രോ കോര്‍പറേഷന്‍ 17.64 കോടിയും മുതല്‍ മുടക്കും. നിലവിലുളള രണ്ടുവരി മേല്‍പ്പാലം 1961-62 കാലഘട്ടത്തിലാണ്‌ നിര്‍മിച്ചത്‌.
മേല്‍പ്പാലത്തിനായി മുംബൈ ആസ്ഥാനമായുളള ഫിറിഷ്‌ പട്ടേല്‍ അസോസിയേറ്റ്‌സിന്റെ വിശദമായ രൂപരേഖയ്‌ക്ക്‌ 2010 ഒക്‌ടോബര്‍ 22 നാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ചീഫ്‌ എഞ്ചിനീയര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയത്‌. കഴിഞ്ഞ മെയ്‌ 13 ന്‌ ദക്ഷിണ റയില്‍വെയും ഇതംഗീകരിച്ചു.
ഏഴുഘട്ടങ്ങളിലായാണ്‌ നോര്‍ത്ത്‌ മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. ആദ്യഘട്ടമായി ഒരുഭാഗങ്ങളിലെയും സൈക്കിള്‍ ട്രാക്ക്‌ പൊളിച്ച്‌ പുതുതായി നിര്‍മിക്കും. ഒന്നും നാലും ലൈന്‍ നിര്‍മിച്ച്‌ ട്രാഫിക്‌ ഇതുവഴി തിരിച്ചുവിടുന്നതോടെ പ്രധാനമേല്‍പ്പാലം പൊളിക്കും. തുടര്‍ന്ന്‌ മേല്‍പ്പാലത്തിനും മെട്രോയ്‌ക്കുമുളള ഘടന നിര്‍മിക്കുന്നതിനൊപ്പം പുതിയ രണ്ടു ലൈന്‍ കൂടി നിര്‍മിക്കും.
അഞ്ചാംഘട്ടത്തില്‍ നാലാം ട്രാക്കില്‍ നിന്നു ഗതാഗതം രണ്ടാംട്രാക്കിലേക്കു തിരിച്ചുവിട്ട്‌ മൂന്നും നാലും ട്രാക്കുകള്‍ സംയോജിപ്പിച്ച്‌ പാരപ്പറ്റും മറ്റും നിര്‍മിക്കും. ഇവ പൂര്‍ത്തിയാകുന്നതോടെ ഗതാഗതം വീണ്ടും മൂന്നും നാലും ട്രാക്കിലേക്കു തിരിച്ചുവിട്ട്‌ ഒന്നും രണ്ടും ട്രാക്കുകള്‍ സംയോജിച്ച്‌ പാരപ്പറ്റ്‌ നിര്‍മിക്കുന്നതോടെ മേല്‍പ്പാല നിര്‍മാണം പൂര്‍ത്തിയാകും. നാലുലൈനും പൂര്‍ത്തിയാകുന്നതോടെ മെട്രോ റയിലിനുളള ഉപരിതല നിര്‍മാണം തുടങ്ങും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ