2017, ഏപ്രിൽ 29, ശനിയാഴ്‌ച

ആഗോള ദാരിദ്ര്യ സൂചികയില്‍ ഇന്ത്യയ്‌ക്ക്‌ 97-ാം സ്ഥാനം





തിരുവനന്തപുരം : ഇന്ത്യ സാമ്പത്തിക രംഗത്ത്‌ വന്‍ കുതിപ്പിലാണെങ്കിലും ഇന്ത്യയിലെ 184 ദശലക്ഷം പേര്‍ പോഷകാഹാര കുറവിന്റെ പിടിയിലാണെന്ന്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ അഞ്ചുവയസിനു താഴെയുള്ള 48 ശതമാനം കുട്ടികള്‍ വളര്‍ച്ചാ മുരടിപ്പിലാണ്‌. 60 ശതമാനം കുട്ടികള്‍ അനീമിയ ബാധിതരും. ഇന്ത്യയിലെ ജനസംഖ്യയില്‍ 70 ശതമാനത്തിനും, സൂക്ഷ്‌മ പോഷകങ്ങള്‍ ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ള കണക്കില്‍ 50 ശതമാനം കുറവാണ്‌ ലഭിക്കുന്നത്‌.
ആഗോള ദാരിദ്ര്യ സൂചിക (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്‌) പ്രകാരം കടുത്ത ദാരിദ്ര്യം നേരിടുന്ന 118 രാജ്യങ്ങളില്‍ ഇന്ത്യയ്‌ക്ക്‌ 97-ാം സ്ഥാനമാണുള്ളത്‌. ചൈന (29), നേപ്പാള്‍ (72), മ്യാന്‍മര്‍ (75), ശ്രീലങ്ക (84), എന്നീ അയല്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ സ്ഥിതി വളരെ പരിതാപകരമാണ്‌.
ഇന്ത്യയില്‍ പോഷകാഹാരക്കുറവുള്ള 184 ദശലക്ഷം പേരില്‍ ഭൂരിപക്ഷവും ചെറുപ്രായത്തിലുള്ള കുട്ടികളാണെന്ന വസ്‌തുതയും ആശങ്കാജനകമാണ്‌. സൂക്ഷ്‌മ പോഷകങ്ങളുടെ അഭാവം അഥവ മറഞ്ഞിരിക്കുന്ന പട്ടിണി (ഹിഡന്‍ ഹംഗര്‍) വളരെ പ്രധാനപ്പെട്ട പ്രശ്‌നമാണ്‌. 
സ്‌കൂള്‍ കുട്ടികളില്‍ നടത്തിയ പഠനത്തില്‍ 70 ശതമാനം കുട്ടികള്‍ക്കും വൈറ്റമിന്‍ എ, ഫോളേറ്റ്‌, വൈറ്റമിന്‍ ബി12, ഇരുമ്പ്‌ എന്നീ പോഷകങ്ങളുടെ കുറവുണ്ട്‌. കുട്ടികള്‍ക്ക്‌ വളര്‍ച്ച മുരടിക്കല്‍, പ്രതിരോധശക്തി കുറയല്‍, ബുദ്ധിമാന്ദ്യം, അനീമിയ, ഉത്സാഹക്കുറവ്‌ എന്നിവ ഇതിന്റെ ഫലമാണ്‌.
ഒരു കുട്ടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്‌ക്കാവശ്യമായ വൈറ്റമിനുകളും ധാതുക്കളും ചേര്‍ന്ന സമീകൃതാഹാരമാണ്‌ അമ്മമാര്‍ വീട്ടില്‍ ഉണ്ടാക്കുന്നത്‌. തടിച്ച ശരീര പ്രകൃതിയുള്ള കുട്ടികള്‍ ആരോഗ്യമുളളവരാണെന്ന പൊതുധാരണയാണ്‌ മിക്ക ഇന്ത്യന്‍ അമ്മമാര്‍ക്കുമുള്ളത്‌.
വിവിധ തരം ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മാസം തുടങ്ങിയവ ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക്‌ വൈവിധ്യമുള്ള ഭക്ഷണം നല്‍കുക എന്നതാണ്‌ സൂക്ഷ്‌മ പോഷകക്കുറവ്‌ സ്ഥിരമായി തടയുന്നതിനുള്ള ഏറ്റവും കാര്യക്ഷമമായ മാര്‍ഗമെന്ന്‌ ഇന്ത്യന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യുട്രീഷന്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. സാധാരണ മാതാപിതാക്കളെ ശാക്തീകരിച്ച്‌ ബോധവത്‌കരണം നടത്തി പോഷകാഹാരക്കുറവ്‌ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന്‌ ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

മെയ്‌ രണ്ട്‌ ഇന്ന്‌ ലോക ആസ്‌ത്മ ദിനം




്‌

ലോകത്തെ 30 കോടിയിലധികം ജനങ്ങള്‍ ആസ്‌ത്‌മയുടെ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരാണ്‌. ഇതില്‍ 10 ശതമാനവും ഇന്ത്യയിലുള്ളവരാണ്‌. ആധുനിക ചികില്‍സാ രീതികളുടെ അല്‍ഭുതങ്ങളും സാങ്കേതിക വിദ്യയുടെ മികവും ഉണ്ടെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആസ്‌ത്‌മ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയാണ്‌. 
കുട്ടികളെയും പ്രായമായവരെയുമാണ്‌ ആസ്‌ത്‌മ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌. ചുമ, ശ്വാസ തടസം, നെഞ്ച്‌ മുറുകല്‍, വലിവ്‌ തുടങ്ങിയവയാണ്‌ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ ഒരുപാടുണ്ടെങ്കിലും ആസ്‌ത്‌മയുടെ ഉറവിടം എങ്ങിനെയെന്ന്‌ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്‌. പുല്ല്‌, മരം തുടങ്ങിയവയിലൂടെ വരുന്ന പുറമേ നിന്നുള്ള അലര്‍ജി. അകത്തെ ഈര്‍പ്പം, വളര്‍ത്തു മൃഗങ്ങളുടെ രോമം, പൊടി എന്നിവയില്‍ നിന്നുള്ള അലര്‍ജിയും ശ്വാസംമുട്ടലിന്‌ കാരണമാകാം. 
അനുചിതമായ ഈര്‍പ്പം ആസ്‌ത്‌മയ്‌ക്കു പ്രധാന കാരണമാണ്‌. നനവ്‌ ഈ സാഹചര്യം വര്‍ധിപ്പിക്കുന്നു. അതുകൊണ്ടു തന്നെ നിങ്ങളുടെ വീടിനെ ഈര്‍പ്പത്തില്‍ നിന്നും സംരക്ഷിക്കേണ്ടത്‌ അനിവാര്യമാണ്‌. ഈര്‍പ്പം ഇല്ലാതാക്കണം.
നിങ്ങളുടെ വീട്ടിലുള്ളവര്‍ക്ക്‌ സ്ഥിരമായി ചുമയും വലിവും വരാറുണ്ടോ? ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ആസ്‌ത്‌മ, ബ്രോങ്കൈറ്റിസ്‌ തുടങ്ങിയവ നമ്മുടെ നാട്ടിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സാധാരണയായി ഉണ്ടാകാറുള്ള പ്രശ്‌നങ്ങളാണ്‌. അന്തരീക്ഷ മലിനീകരണത്തെയും കാലാവസ്ഥയെയും മാത്രം പഴിചാരിക്കൊണ്ടിരിക്കുന്നത്‌ അവസാനിപ്പിക്കേണ്ട സമയമായി. യഥാര്‍ത്ഥ കുറ്റവാളി സ്വന്തം വീട്ടിലെ ചോര്‍ച്ചയും ഈര്‍പ്പവുമാകാം. 
വീട്ടിലെ ടാങ്കിന്റെയും ബാത്ത്‌റൂം പൈപ്പുകളുടെയും ചെറിയ ലീക്ക്‌ ശരിയാക്കാന്‍ താമസിപ്പിക്കുന്നത്‌ കുടുംബത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ വഴിയൊരുക്കാം. വെള്ളത്തിന്റെ ചോര്‍ച്ച തൊണ്ടവേദനയ്‌ക്കും കണ്ണ്‌, ചര്‍മ്മം ചൊറിച്ചിലിനും മൂക്കടപ്പിനും കാരണമായേക്കാം. സമയം വൈകുന്തോറും ഇത്‌ ആസ്‌ത്‌മ, ശ്വാസകോശ രോഗം പോലുള്ള മാരക പ്രശ്‌നങ്ങള്‍ക്ക്‌ വഴിയൊരുക്കും. 
പത്തു മുതല്‍ 15 കോടിവരെയുള്ള ജനങ്ങളാണ്‌ ഇന്ത്യയില്‍ ആസ്‌ത്‌മ കൊണ്ടു ബുദ്ധിമുട്ട്‌ അനുഭവിക്കുന്നത്‌. വീടിനകത്തെ ഈര്‍പ്പമാണ്‌ പല പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന്‌ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ആരോഗ്യവാന്മാരായ കുട്ടികളില്‍ പോലും ശ്വാസം മുട്ടല്‍ പോലുള്ള അസുഖങ്ങള്‍ക്ക്‌ ഇത്‌ വഴിവെയ്‌ക്കാം. ഈര്‍പ്പം അലര്‍ജിക്ക്‌ കാരണമാകാറുണ്ട്‌. ഈര്‍പ്പം കൊണ്ടുണ്ടാകുന്ന പൂപ്പലില്‍ തൊടുന്നതും ശ്വസിക്കുന്നതും തുമ്മല്‍, ജലദോഷം, കണ്ണ്‌ ചുവക്കല്‍, ചൊറിച്ചില്‍ തുടങ്ങിയ അലര്‍ജികളുണ്ടാക്കുന്നു. 
വീട്ടില്‍ ചോര്‍ച്ചയോ ഈര്‍പ്പമോ കണ്ടാല്‍ ഉടന്‍ ശരിയാക്കേണ്ടതിന്റെ പ്രാധാന്യമാണ്‌ ഇവിടെ വ്യക്തമാകുന്നത്‌. ബാത്ത്‌ റൂമുകളില്‍, സീലിങ്ങിന്റെ മൂലകളില്‍, മതിലുകള്‍, സീലിങ്‌ ടൈലുകള്‍, കിച്ചന്‍ കാബിനറ്റ്‌, വോള്‍പ്പേപ്പര്‍ തുടങ്ങി വെള്ളത്തിന്റെ ചോര്‍ച്ച ബാധിക്കുന്ന സ്ഥലങ്ങളിലെല്ലാം പൂപ്പല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.
എന്നാല്‍ മതിലുകള്‍ വൃത്തിയാക്കുന്നതോ പൂപ്പല്‍ ചുരണ്ടി കളയുന്നതോ മാത്രമല്ല ഇതിന്‌ പ്രതിവിധി. ചോര്‍ച്ചയ്‌ക്കു പൂര്‍ണമായ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ പൂപ്പല്‍ വീണ്ടും വരും. പൂപ്പല്‍ വെളുപ്പ്‌, കറുപ്പ്‌, മഞ്ഞ, നീല, പച്ച എന്നിങ്ങനെ നിറങ്ങളില്‍ കാണാം. ഇവയ്‌ക്ക്‌ ചിലപ്പോള്‍ പഴകിയ ഗന്ധവുമുണ്ടാകും.
വീടിനകത്തെ ഈര്‍പ്പം മാറ്റുക, നല്ല വെന്റിലേഷനും ആവശ്യമുള്ളിടത്ത്‌ എക്‌സോസ്റ്റ്‌ ഫാനുകളും ഉപയോഗിക്കുക, വീടിനകത്ത്‌ തുണികള്‍ ഉണക്കാതിരിക്കുക, ഇടയ്‌ക്കിടെ ടെറസ്‌ പരിശോധിച്ച്‌ വിള്ളല്‍ ഒന്നുമില്ലെന്നും മഴ വെള്ളം പോകാനുള്ള പൈപ്പുകള്‍ ശരിയാണെന്നും ലീക്ക്‌ ഇല്ലെന്നും ഉറപ്പു വരുത്തുക, ബാത്ത്‌റൂമുകളിലെ ലീക്ക്‌ ശരിയാക്കുക, ടൈലുകള്‍ക്കിടയില്‍ വെള്ളം ഇറങ്ങുന്നില്ലെന്ന്‌ ഉറപ്പു വരുത്തുക, പെയിന്റിങിന്‌ മുമ്പ്‌ പൂപ്പല്‍ പൂര്‍ണമായും ഒഴിവാക്കുക, ഈര്‍പ്പമുള്ള മുറികളില്‍ നിന്നും കാര്‍പ്പറ്റും അപ്‌ഹോള്‍സറി സാധനങ്ങളും മാറ്റുക തുടങ്ങിയവയെല്ലാം വീട്‌ സുരക്ഷിതമായി സൂക്ഷിക്കാനുള്ള നടപടികളാണ്‌. 
ഈര്‍പ്പം കെട്ടിടങ്ങളെ മാത്രമല്ല, കുടുംബത്തിലുളളവരുടെ ആരോഗ്യത്തെയും ബാധിക്കുന്നു. മികച്ച വാട്ടര്‍ പ്രൂഫ്‌ സംയുക്തം ഉപയോഗിച്ച്‌ പ്രശ്‌നത്തിന്‌ പരിഹാരം കണ്ടാല്‍ വീടിനും വീട്ടുകാര്‍ക്കും ഗുണമുണ്ടാകുമെന്ന്‌ ഉറപ്പ്‌.