അനുയായികള്‍

2014 ജൂൺ 22, ഞായറാഴ്‌ച

മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാന്‍ തയ്യാര്‍: ഉമ്മന്‍ ചാണ്ടി



കൊച്ചി:സംസ്ഥാന സര്‍ക്കാര്‍ മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാന്‍ തയാറാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എം.ഇ.എസ്‌ ഗോള്‍ഡന്‍ ജൂബിലി ആഘോഷ പ്രഖ്യപനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യാസക്തി കുറയാതെ മദ്യനിരോധം സാധ്യമാകില്ലെന്നും സംസ്ഥാനത്ത്‌ പുതിയ ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യത്തില്‍ നിന്ന്‌ ലഭിക്കുന്നതിന്‍െറ ഇരട്ടിയാണ്‌ സമൂഹത്തിന്‌ അതിന്‍െറ തിക്ത ഫലത്തിലുടെ നഷ്ടമാകുന്നത്‌. മദ്യാസക്തി കുറക്കാതെ മദ്യനിരോധനത്തിലേക്ക്‌ പോകാനാവില്ല. അത്‌ കൂടുതല്‍ ഗുരുതരമായ ഭവിഷ്യത്ത്‌ സൃഷ്ടിക്കും. മദ്യത്തിന്‍െറ ലഭ്യത കുറക്കുക എന്നതാണ്‌ സര്‍ക്കാറിന്‍െറ ലക്ഷ്യം. ബോധവത്‌കരണത്തോടൊപ്പം ഘട്ടം ഘട്ടമായി മദ്യ നിരോധനം ഉണ്ടാക്കുകയാണ്‌ വേണ്ടത്‌. നാടുനീളെ മദ്യം ഒഴുക്കിയിട്ട്‌ മദ്യനിരോധനം പറഞ്ഞിട്ട്‌ കാര്യമില്ല. യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതുതായി ഒരു ബിവറേജസ്‌ ഔട്ട്‌ലെറ്റുകളും തുടങ്ങിയിട്ടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത്‌ ഇനി പുതുതായി ത്രീസ്‌റ്റാര്‍, ഫോര്‍ സ്‌റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ ലൈസന്‍സ്‌ കൊടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫൈവ്‌സ്‌റ്റാര്‍ ബാറുകള്‍ അല്ലാതെ ഇനി ഒരു ബാറും അനുവദിക്കില്ല. ഫൈവ്‌സ്‌റ്റാര്‍ ബാറുകള്‍ക്ക്‌ അംഗീകാരം കൊടുക്കേണ്ടത്‌ കേന്ദ്ര സര്‍ക്കാര്‍ ആയതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ നിലപാട്‌ പൂര്‍ണമായി വ്യക്തമാക്കികഴിഞ്ഞുവെന്ന്‌ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അറിവിലൂടെ മാത്രമേ സമൂഹത്തിന്‌ പുരോഗതി കൈവരിക്കാനാകൂ. സൗജന്യങ്ങള്‍കൊണ്ടു മാത്രം ഒരിക്കലും ഒരു സമൂഹമോ സമുദായമോ ശാശ്വത പുരോഗതി നേടിയിട്ടില്ല. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ അത്‌ കൈവരിക്കാനാവൂ. 50 വര്‍ഷം മുമ്പ്‌ അത്‌ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ എം.ഇ.എസിന്‌ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. എം.ഇ.എസ്‌ പ്രസിഡന്‍റ്‌ ഡോ.പി.എ. ഫസല്‍ഗഫൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി കെ. ബാബു, ജസ്‌റ്റിസ്‌ സി.കെ. അബ്ദുല്‍ റഹീം, കൊച്ചി മേയര്‍ ടോണി ചമ്മിണി, എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക്‌ പ്രസന്‍േറഷന്‍, ടി എം സക്കീര്‍ ഹുസൈന്‍, വി എസ്‌ സെയ്‌തുമുഹമ്മദ്‌, എം എം അഷ്‌റഫ്‌, അഡ്വ. സി കെ ആരിഫ്‌, വി മൊയ്‌തുട്ടി, കെ എം ഖാലിദ്‌, അഡ്വ. അബു മൊയ്‌തീന്‍, കെ എസ്‌ അബ്‌ദുല്‍ കരീം, പ്രൊഫസര്‍ പി ഒ ജെ ലബ്ബ, ടി പി ഇമ്പിച്ചഹമ്മദ്‌, എ എം അബൂബക്കര്‍, എം അലി, പുന്നല ശ്രീകുമാര്‍, സി ടി സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. എം ഇ എസ്‌ എറണാകുളം ജില്ലാ കമ്മിറ്റി മറൈന്‍ഡ്രൈവില്‍ ഒരുക്കിയ അഖിലേന്ത്യാ വിദ്യാഭ്യാസ പ്രദര്‍ശനം ഇന്ന്‌ സമാപിക്കും. മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്‌, നയതന്ത്ര വിദഗ്‌ധന്‍ ടി പി ശ്രീനിവാസന്‍ എന്നിവര്‍ ഇന്ന്‌ വിവിധ സെഷനുകളില്‍ പ്രസംഗിക്കും. 

കേന്ദ്രസര്‍ക്കാര്‍ രഹസ്യമാക്കിയ കിട്ടാക്കടക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു


കൊച്ചി
കേന്ദ്ര സര്‍ക്കാരും റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയും രഹസ്യമായി വെച്ചിരുന്നു ബാങ്കുകളില്‍ നിന്നും വന്‍ വായ്‌പകള്‍ എടുത്തു അടക്കാത്ത വമ്പന്മാരുടെ പട്ടിക ആള്‍ ഇന്ത്യ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ പ്രസിദ്ധികരിച്ചു.
ബാങ്കുകളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കിട്ടാക്കടങ്ങള്‍ ഈടാക്കാനുള്‌ള അടിയന്തിര നടപടികള്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ്‌ ബാങ്കും മാനേജ്‌മെന്റുകളുടെ ഏകോപനത്തോടെ സ്വീകരിക്കണെന്ന്‌ ആള്‍ ഇന്ത്യ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഈ കടങ്ങളില്‍ ബഹുഭൂരിഭാഗവും അതിസമ്പന്ന കോര്‍പ്പേറേറ്റുകള്‍ മനഃപൂര്‍വം വരുത്തിയിട്ടുള്ളതാണ്‌. ചെറുകടിക്കാര്‍ക്ക്‌ ജപ്‌തി വന്‍ കിടക്കാര്‍ക്ക്‌ സ്വസ്‌തിയുമെന്ന രീതി അംഗീകരിക്കാനാവില്ല. 2013 മാര്‍ച്ച്‌# 31 രെയുള്ള 24 പൊതുമേഖല ബാങ്കുകളിലെ കേവലം 460 അക്കൗണ്ടുകളിലെ മാത്രം കിട്ടാക്കടം 70,300 കോടി രൂപയാണ്‌. അതിസമ്പന്ന ഇന്ത്യാക്കാരില്‍ അറുപതാം സ്ഥാനത്തുള്ള വിജയ്‌ മല്യയുടെ കിംഗ്‌ ഫിഷര്‍ എയര്‍ലൈന്‍സിന്റെ കടം മാത്രം 2673 കോടിരൂപ വരും. വിന്‍സം ഡയമണ്ട്‌ ആന്റ്‌ ജ്യൂവല്‍സ്‌ (3156കോടി രൂപ), സൂം ഡെവലപ്പേഴ്‌സ്‌ (1810കോടിരൂപ), സ്റ്റെര്‍ലിംഗ്‌ ഗ്രൂപ്പ്‌ (3672കോടി രൂപ) എന്നിവയാണ്‌ ബാങ്കുകളില്‍ വന്‍ കടബാധ്യത വരുത്തിയിട്ടുള്ള പ്രമുഖര്‍. ഈ വന്‍ കിട്ടാക്കടക്കാരുടെ പട്ടിക എഐബിഇഎ ആവര്‍ത്തിച്ചു ആവശ്യപ്പെട്ടിട്ടും കേന്ദ്ര ധനമനത്രാലയവും റിസര്‍വ്‌ബാങ്കും പേരുവിവരങ്ങള്‍ നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. നേരത്തെ കഴിഞ്ഞ ഡിസംബറില്‍ എഐബിഇഎ 90 കമ്പനികളുടെ 40,528 കോടി രൂപയുടെ കിട്ടാക്കടങ്ങളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിനു പകരം കണക്കു പുസ്‌തകത്തില്‍ തുക കുറച്ചു കാണിച്ചുകൊണ്ടുള്ള നടപടികള്‍ക്കാണ്‌ അധികാരികള്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്‌.ഇത്തരത്തില്‍ ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ 42,00 കോടി രൂപയുടെ കിട്ടാക്കടങ്ങളാണ്‌ മാറ്റപ്പെട്ടത്‌. പൊതുജനങ്ങളെ കൊള്ളയടിക്കുന്ന ഈ സ്ഥിതി വിശേഷത്തിനു മാറ്റമുണ്ടാകണമെങ്കില്‍ ബാങ്കുകളുടെ ഓഡിറ്റിംഗ്‌ ഓഡിറ്റര്‍ ജനറലിന്റെ പരിധിയില്‍ കൊണ്ടുവരണം.അതേപോലെ കിട്ടാക്കടങ്ങളുടെ ഉത്തരവാദികളക്കെതിരെ നിയമപരമായ നടപടികള്‍ കൈക്കൊള്ളണം,കമ്പനികളുടെ വായ്‌പകള്‍ക്ക്‌ പ്രൊമോട്ടര്‍മാരുടെ വ്യക്തിഗത ഗ്യാരന്റി എടുക്കുന്നതിനുള്ള നിയമഭേദഗതി ഉണ്ടാകണം ഈ ആവശ്യങ്ങളുന്നയിച്ചു എഐബിഇഎ പ്രചാരണ പ്രക്ഷോഭം ശക്തമാക്കും.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക്‌ ആയ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ബാങ്കിങ്ങ്‌ സേവനങ്ങള്‍ റിലയന്‍സ്‌ മണി ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍ ലിമിറ്റഡുമായി ചേര്‍ന്നു പുറം കരാര്‍വല്‍ക്കരിക്കാനുള്ള തീരുമാനം ജനവിരുദ്ധമാണന്നും എഐബിഇഎ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 26നു ഒപ്പുവെച്ച കരാറിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുന്നതും ജുഗുപ്‌ത്സാവഹമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ എഐബിഇഎ ജോയിന്റ്‌ സെക്രട്ടരി വി.പി വര്‍ഗീസ്‌,എഐബിഇഎഫ്‌ പ്രസിഡന്റ്‌ കെ.മുരളീധരന്‍ പിളള ,ഡിഡി ജോസണ്‍,കെ.എസ്‌ കൃഷ്‌ണ, മാത്യു ജോര്‍ജ്‌ എന്നിവര്‍ പറഞ്ഞു. 

കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനം തടസപ്പെടുത്തരുതെന്നും

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനം തടസപ്പെടുത്തരുതെന്നും സമരത്തില്‍ നിന്നും സി.പി.എം പിന്മാറണമെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗതാഗത കരുക്ക്‌ പരിഹരിക്കാന്‍ സര്‍ക്കാര്‍ ആവുന്നതൊക്കെ ചെയ്‌തിട്ടുണ്ട്‌. ഇനിയും ആവശ്യമായ നടപടി സ്വീകരിക്കാന്‍ തയാറാണ്‌. വിഷയവുമായി ബന്ധപ്പെട്ട്‌ സര്‍വ കക്ഷി യോഗം വിളിക്കാന്‍ തയാറാണെന്നും ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. ഈ മാസം ഏഴിന്‌ തിരുവനന്തപുരത്ത്‌ ചേരുന്ന അവലോകന യോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ കേരളത്തിന്റെ മാതൃകാ പദ്ധതിയാണ്‌. ഇത്‌ സമയബന്ധിതമായി തീര്‍ക്കാനുള്ള ശ്രമമാണ്‌ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഈ സാഹചര്യത്തില്‍ നിര്‍മാണം തടസപ്പെടുത്തുന്നത്‌്‌ ശരിയല്ല.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതിന്റെ ഭാഗമായി ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകുക സ്വാഭിവകമാണ്‌.ഇതിനോട്‌ എല്ലാവരം സഹകരിക്കണം.ബുദ്ധിമുട്ടുകള്‍ പരമാവധി കുറയക്കാനുള്ള നടപടികള്‍ സര്‍ക്കാരും കെ.എം.ആര്‍.എല്ലും ചേര്‍ന്ന്‌ സ്വീകരിച്ചിട്ടുണ്ട്‌.നിര്‍മാണം പൂര്‍ണമായും തീരാതെ യാത്രാബുദ്ധിമുട്ട്‌ ശ്വാശതമായി പരിഹരിക്കാന്‍ കഴിയില്ലെന്നും ഇതിനോട്‌ സഹകരിക്കുകയാണ്‌ എല്ലാവരും ചെയ്യേണ്ടതെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. പദ്ധതി പൂര്‍ത്തിയാവാന്‍ നിലവില്‍ നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തില്‍ നിന്നും നാലുമാസമെങ്കിലും താമസം ഉണ്ടാകും പദ്ധതി നടപ്പിലാക്കുമ്പോള്‍ സുതാര്യത ആവശ്യമായതിനാല്‍ അതനുസരിച്ചുളള നടപടിക്രമങ്ങളില്‍ താമസം നേരിടും റോളിംഗ്‌ സ്‌റ്റോക്കിന്റെ കാര്യത്തില്‍ റീടെണ്ടര്‍ വിളിച്ചതും ഇതിന്റെ ഭാഗമാണ്‌. സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മീഷന്റെ നിര്‍ദേശാനുസരണമാണ്‌ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു.കൊച്ചി മെട്രോ പറഞ്ഞ കാലാവധിയില്‍ പൂര്‍ത്തിയായില്ലെങ്കിലും പറ്റുന്നിടത്തോളം ചെയ്‌തെങ്കിലും മെട്രോ ഓടിക്കാനാണ്‌ ശ്രമിക്കുന്നതെന്നും ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. മെട്രോയക്കായി 40 ഏക്കര്‍ സ്ഥലമാണ്‌ വേണ്ടത്‌ ഇതില്‍ 32 ഏക്കര്‍ ഏറ്റെടുത്തുകഴിഞ്ഞു ശേഷിക്കുന്നത്‌ എട്ട്‌ ഏക്കറാണ്‌. മെയ്‌ 16 ന്‌ ശേഷം ഇതിന്‌ പരിഹാരമാകുമെന്നും ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. കേരളത്തില്‍ വികസനകാര്യത്തില്‍ ഭൂമി ലഭിക്കുകയെന്നത്‌ വലിയ ബുദ്ധിമുട്ടാണ്‌. ഭൂമിയുടെ പ്രശ്‌നം നിമിത്തം ശബരി പാത, കുറ്റിപ്പുറം-ഗുരൂവായൂര്‍ ദേശീയ പാത എന്നിവ വര്‍ഷങ്ങളായി എങ്ങുമെത്താതെ കിടക്കുകയാണ്‌. എറണാകുളം-കായംകുളം റെയില്‍പാത ഇരട്ടിപ്പിക്കലും പൂര്‍ത്തിയാകാത്തത്‌ ഭൂമി കിട്ടത്തതിനാലാണ്‌. എല്ലാ പദ്ധതികളും ഇങ്ങനെയായാല്‍ കേരളത്തിന്റെ അവസ്ഥയെന്താകുമെന്നും ആര്യാടന്‍ മുഹമ്മദ്‌ ചോദിച്ചു. മെട്രോയുടെ നിര്‍മാണത്തിന്റെ ഭാഗമായുള്ള ഗതാഗതകുരുക്ക്‌ പരിഹരിക്കാന്‍ തമ്മനം-പുല്ലേപ്പടി റോഡ്‌ വികസനത്തിനായി ഭുമി ഏറ്റെടുക്കുന്നതിന്‌ സര്‍ക്കാര്‍ കൊച്ചി നഗരസഭയക്ക്‌ 50 കോടി രൂപ നേരത്തെ നല്‍കിയിട്ടുള്ളതാണ്‌. ഭൂമി ഏറ്റെടുക്കേണ്ടത്‌ നഗരസഭയുടെ ഉത്തരവാദിത്വമാണ്‌.നഗരസഭ ചെയ്യേണ്ട ജോലികള്‍ വരെ സംസ്ഥാന സര്‍ക്കാര്‍ മെട്രോയുടെ ഭാഗമായി ചെയ്‌തിട്ടുണ്ട്‌. നഗരസഭയക്ക്‌ ചെളിവാരാന്‍ വരെ 2.45 കോടി രൂപ സര്‍ക്കാര്‍ ചിലവഴിച്ചു. നഗരസഭ ചെയ്യേണ്ടതും കൂടി സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട്‌ ചെയ്യിക്കാനാണ്‌ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞു. 

വരാപ്പുഴ ,കടമക്കുടി കെട്ട്‌ കലക്ക്‌ മേള

വരാപ്പുഴ ,കടമക്കുടി കെട്ട്‌ കലക്ക്‌ മേള 12,12 തീയതികളില്‍
കൊച്ചി
വരാപ്പുഴ ,കടമക്കുടി കെട്ട്‌ കലക്ക്‌ മേള 12,12 തീയതികളില്‍ നടക്കും. 12നു ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടുകൂടി വരാപ്പുഴ, കടമക്കുടി പഞ്ചായത്തുകളില്‍ നിന്നുള്ള ജനങ്ങള്‍ ഘോഷയാത്രയായി പുതുശേരി പാലത്തില്‍ സംഗമിക്കും. തുടര്‍ന്നു കെട്ടുകലക്കിന്റെ ജനകീയ ഉദ്‌ഘാടനം നടക്കും. നാടന്‍ ഭക്ഷ്യമേള,പട്ടംപറത്തല്‍,ഫോട്ടോഗ്രാഫി മത്സരം ,നാടന്‍ വഞ്ചി തുഴയല്‍ ഒട്ടക-കുതിര സവാരി ,പിടിക്കുന്ന മത്സ്യം അപ്പോള്‍ തന്നെ പാചകം ചെയ്‌തു കഴിക്കുവാനുള്ള സൗകര്യവും മേളയോടനുബന്ധിച്ചു നടത്തുന്നുണ്ട്‌. അരലക്ഷത്തോളം പേര്‍ മേളയില്‍ എത്തുമെന്നു കരുതുന്നു. നഗരത്തിനോട്‌ അടുത്തു കിടന്നിട്ടും ഈ പ്രകൃതിരമണീയ മേഖലയിലേക്ക്‌ ടൂറിസം എത്തിയിട്ടില്ല. അപൂര്‍വ ഇനം ദേശാടനപക്ഷികള്‍ എത്തുന്ന പൊക്കാളിപാടങ്ങളും മത്സ്യ -ചെമ്മീന്‍ കെട്ടുകളുമാണ്‌ ഇവിടത്തെ പ്രത്യേകത. ഇമാജീനേഴ്‌സ്‌ ഇവന്റ്‌ ആണ്‌ മേളയ്‌ക്ക്‌ നേതൃത്വം നല്‍കുന്നത്‌.

വിജയ്‌ റീ ട്രെഡ്‌സിന്റെ രണ്ടാമത്‌ പ്ലാന്റ്‌


കളമശേരിയില്‍ ആരംഭിച്ചു
കൊച്ചി
കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിക്യൂര്‍ഡ്‌ ടയര്‍ റീട്രെഡിംഗ്‌ അഗ്രഗാമിയായ ട്രെഡ്‌സ്‌ ഡയറക്‌ടിന്റെ ഫ്രാഞ്ചൈസിയായ വിജയ്‌ റീട്രെഡ്‌സിന്റെ രണ്ടാമത്തെ പ്ലാന്റ്‌ കളമശേരിയില്‍ ആരംഭിച്ചു.
സീപോര്‍ട്ട്‌ - എയര്‍പോര്‍ട്ട്‌ റോഡിലെ പുതിയ പ്ലാന്റിന്റെ ഉദ്‌ഘാടനം ട്രെഡ്‌സ്‌ ഡയറക്‌ട്‌ ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ സുദര്‍ശന്‍ വരദരാജന്‍ നിര്‍വഹിച്ചു. റബര്‍ ഏഷ്യ ചീഫ്‌ എഡിറ്റര്‍ കുര്യന്‍ എബ്രഹാം വിശിഷ്‌ടാതിഥിയായിരുന്നു. എല്‍ജി ട്രെഡ്‌ മുന്‍ വൈസ്‌ പ്രസിഡന്റ്‌ പി.വി നാഥന്‍, വിജയ്‌ റീട്രെഡ്‌സ്‌ പാര്‍ട്‌ണര്‍ പി.വി വെങ്കടേഷ്‌, സിഇഒ വാസുദേവന്‍, ജനറല്‍ മാനേജര്‍ ശങ്കരവടിവേല്‍, മാര്‍ക്കറ്റിംഗ്‌ ഹെഡ്‌ രാമദൊരൈ എന്നിവര്‍ സംസാരിച്ചു.
35-40 ലക്ഷം രൂപ വിലവരുന്ന ആധൂനിക മെഷിനറിയാണ്‌ പ്ലാന്റില്‍ ഉപയോഗിച്ചിരിക്കുന്നത്‌. പ്രതിമാസം ആയിരത്തോളം ടയര്‍ റീട്രെഡ്‌ ചെയ്യാന്‍ പ്ലാന്റിനു ശേഷിയുണ്ട്‌.ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെടുന്ന ടയറുകള്‍ പോലും പലപ്പോഴും റീട്രെഡ്‌ ചെയ്‌തെടുക്കാന്‍ സാധിക്കുമെന്നു ചൂണ്ടിക്കാണിക്കുന്നു. ആറ്‌ മണിക്കുറിനകം ടയറുകള്‍ റീട്രെഡ്‌ ചെയ്‌തു നല്‍കാനുള്ള സംവിധാനം ആണ്‌ ഒരുക്കിയിരിക്കുന്നത്‌.
തത്സമയ സേവനം നല്‍കുന്നതിനായി എല്ലാത്തരം റോഡുകള്‍ക്കുമിണങ്ങുന്ന ട്രെഡ്‌ പാറ്റേണുകള്‍ ഇവിടെ സ്റ്റോക്ക്‌ ചെയ്‌തിട്ടുണ്ട്‌. റേഡിയല്‍ ടയറുകളുടെ സവിശേഷത റീ ട്രെഡിംഗും ടയറുകളുടെ റിപ്പയറിംഗും ചെയ്യാന്‍ സൗകര്യമുണ്ട്‌. ട്രെഡ്‌ വീതിയും റോഡുകള്‍ക്ക്‌ അനുയോജ്യമായ പാറ്റേണുകളും നിര്‍ണായകമാണ്‌. ഓരോ 5-10 മില്ലി മീറ്റര്‍ വ്യത്യാസത്തിനും തക്ക വീതി നല്‍കാന്‍ ട്രെഡ്‌സ്‌ ഡയറക്‌ടിന്റെ കൂള്‍ട്രെഡിനു സാധിക്കും.
കാര്‍ ,എല്‍സിവി വിഭാഗങ്ങളില്‍ കൊച്ചി വിപണി റേഡിയല്‍ ടയറിലേക്കു മാറിയിരിക്കുയാണ്‌. ട്രക്കുകളും ഇപ്പോള്‍ റേഡിയലിലേക്കു മാറുന്നു. കൂടുത്‌ മൈലേജും പുതിയ ടയറിന്റെ മൈലേജോടെ റീട്രെഡ്‌ ചെയ്യാമെന്നതാണ്‌ റേഡയലിന്റെ സവിശേഷത. ചുരുങ്ങിയത്‌ ഒരു ലക്ഷം കിലോമീറ്ററില്‍ അധികം ദൂരം റീ ഡ്രെഡ്‌ ചെയ്യുന്നതോടെ ലഭിക്കും. റീ ട്രെഡിംഗ്‌ എന്നാല്‍ റീ സൈക്ലിംഗ്‌ ആണെന്നു പി.വി വെങ്കടേഷ്‌ ചൂണ്ടിക്കാണിച്ചു.
ഒരു മൂശയില്‍ കയറ്റുകയില്ലെ എന്നതാണ്‌ പ്രി ക്യുര്‍ഡ്‌ റീ ട്രെഡിംഗിന്റെ സവിശേഷത.അതിനാല്‍ ക്യുറിംഗ്‌ കഴിഞ്ഞുവരുന്ന ടയറിന്‌ ആകൃതി മാറ്റം സംഭവിക്കുന്നില്ല. റബര്‍ സവിശേഷ ഗുണമേന്മ നിലനിര്‍ത്തിക്കൊണ്ട്‌ ക്യര്‍ ചെയ്‌ത ശേഷം ശരിയായ മര്‍ദ്ദം ,ചൂട്‌ എന്നിവ എല്‍പ്പിച്ച്‌ ഇലക്‌ടിക്കലായി ടയറില്‍ ചേര്‍ക്കുന്നു. ബഫിംഗ്‌, ബില്‍ഡിംഗ്‌ തുടങ്ങിയ എല്ലാ പ്രക്രീയകളും ടയറുകള്‍ റോഡില്‍ ഓടുകയാണെന്ന അതേ അവസ്ഥയിലാണ്‌ പൂര്‍ത്തിയാക്കുന്നത്‌. പരമ്പരാഗത ഹോട്ട്‌ പ്രോസസിംഗില്‍ ആണിപ്പഴുതുകള്‍ ഉണ്ടാകാനുള്ള സാധ്യത ധാരളമാണ്‌. എന്നാല്‍ പ്രിക്യൂര്‍ഡ്‌ റീ ഡ്രെഡിംഗില്‍ ഇത്‌ പൂര്‍ണമായും ഒഴിവാക്കാനാകും.
കോയമ്പത്തൂരും പാലക്കാടുമായി രണ്ട്‌ പ്രധാന പ്ലാന്റുകള്‍ക്കു പുറമെ നാല്‌ റീജ്യണല്‍ ഓഫീസുകളും എട്ട്‌ മാര്‍ക്കറ്റിംഗ്‌ ഓഫീസുകളും 300 ഓളം ഫ്രാഞ്ചൈസികളും പ്രവര്‍ത്തിക്കുന്നു. 24 മണിക്കൂര്‍ സേവനവും സ്‌പോട്ട്‌ കളക്ഷനുമാണ്‌ വിജയ്‌ റീട്രെഡ്‌സിനെ മുന്നിലെത്തിച്ചതെന്‌ വെങ്കടേഷ്‌ പറഞ്ഞു. 

യോട്ടിങ്ങ്‌, പവര്‍ ബോട്ടിങ്ങ്‌ പരിശീലനം


തേവര കോളേജില്‍
കൊച്ചി
യോട്ടിങ്ങ്‌ (പായവഞ്ചി) പവര്‍ബോട്ട്‌ പരിശീലനം ഈ മാസം നാല്‌,10,24,28 തീയതികളിലായി തേവര സേക്രട്ട്‌ ഹാര്‍ട്ട്‌ കോളേജില്‍ ആരംഭിക്കും. കേരള വാട്ടര്‍ സ്‌പോര്‍ട്‌സ്‌ ആന്റ്‌ സെയിലിങ്ങ്‌ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ യോട്ടിങ്ങ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയുടെ അംഗീകാരത്തോടെയാണ്‌ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌. യോട്ടിങ്ങില്‍ ??ഒന്‍പത്‌ വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും പവര്‍ബോട്ടിങ്ങില്‍ 18 വയസ്‌ കഴിഞ്ഞവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം.
ഇതില്‍ പവര്‍ബോട്ടിങ്ങില്‍ നിലവില്‍ പ്രാഥമിക പരിശീലനം ആയിരിക്കും നല്‍കുക. പരിശീലനം തൃപ്‌തികരമായി പൂര്‍ത്തിയാക്കി കഴിവ്‌ തെളിയിക്കുന്നവര്‍ക്ക്‌ മെയ്‌ അവസാന വാരത്തില്‍ സെക്കന്തരാബാദില്‍ ഇലക്‌ട്രോണിക്‌ മെക്കാനിക്കല്‍ ഇലക്‌ട്രിക്കല്‍ സെയിലിങ്ങ്‌ അസോസിയേഷനില്‍ ഉപരിപഠനം നടത്താന്‍ കഴിയും.
ജൂണ്‍ ആദ്യവാരത്തില്‍ പുനയിലെ നാഷനല്‍ ഡിഫെന്‍സ്‌ അക്കാദമി സംഘടിപ്പിക്കുന്ന മുപ്പത്തി ഒന്നാമത്‌ നാഷനല്‍ ഇന്‍ലാന്റ്‌ എന്‍ട്രപ്രൈസസ്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനും അവസരം ലഭിക്കും.
പവര്‍ബോട്ട്‌ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ യാട്ടിങ്ങ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റ്‌ ലഭ്യമാകും. അഖിലേന്ത്യ തലത്തില്‍ പവര്‍ ബോട്ട്‌ ഓടിക്കുവാനും വിവിധ വകുപ്പുകളില്‍ ജോലി നേടുവാനും ഈ സര്‍ട്ടിഫിക്കറ്റ്‌ സഹായമാകും.
ആദ്യ ഘട്ടത്തില്‍ നല്‍കുന്ന നീന്തല്‍ പരിശീലനത്തോടൊപ്പം ബോട്ട്‌ പ്രിപ്പറേഷന്‍,ഹാന്‍ഡിലിംഗ്‌, ബാലന്‍സിങ്ങ്‌, റോവിങ്ങ്‌ എന്നിവയോടൊപ്പം റെസ്‌ക്യു എടുക്കുന്നതിനും റെസക്യു കൊടുക്കുന്നതിനും പ്രാപ്‌തരാക്കുക എന്നതാണ്‌ മുഖ്യലക്ഷ്യം.
ഒളിമ്പിക്‌സില്‍ 33 മെഡലുകളുള്ള ഇനമായ യോട്ടിങ്ങില്‍ കേരളത്തിന്റെ തനതായ കായിക ശേഷി പ്രയോജനപ്പെടുത്തുകയാണ്‌ പരിശീലന പദ്ധതി ലക്ഷ്യമാക്കുന്നത്‌. കേരളത്തില്‍ നടക്കുവാന്‍ പോകുന്ന വരുന്ന ദേശീയ ഗെയിംസിലേക്കുള്ള സംസ്ഥാന ടീമിനെ കണ്ടെത്തുകയും ഇതോടൊപ്പം കേരള വാട്ടര്‍ സ്‌പോര്‍ട്‌സ്‌ ആന്റ്‌ സെയിലിങ്ങ്‌ ഓര്‍ഗനൈസേഷന്‍ ലക്ഷ്യമാക്കുന്നതായി ജോളി തോമസ്‌ ,ഗിരിജ ഗോവിന്ദ്‌ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വെള്ളപ്പൊക്കം ,സുനാമി പോലുള്ള അത്യാപല്‍ക്കരമായ അപകടഘട്ടങ്ങള്‍ സ്വയം തരണം ചെയ്യുവാനും രക്ഷാപ്രവര്‍ത്തനങ്ങല്‍ക്ക്‌ നേതൃത്വം നല്‍കുവാനും ഈ പരിശീലന പരിപാടി ലക്ഷ്യമിടുന്നു. സ്‌പോര്‍ട്‌സിനു പുറമെ ടൂറിസത്തിനും ഉല്ലാസത്തിനും സ്വയം തൊഴില്‍ എന്ന ആശയം അന്വര്‍ത്ഥമാക്കുന്നതിനും ഈ പരിശീലനം സഹായിക്കുന്നു. ദുരെ നിന്നു വരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താമസസൗകര്യം ലഭ്യമാണ്‌. ഫോണ്‍ 9846931780

പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടവും പോലീസും കൈകോര്‍ക്കുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന വരുന്നു


കൊച്ചി
എറണാകുളം ജില്ലയെ പുകയില ഉപയോഗത്തില്‍ നിന്നും മോചിപ്പിക്കുന്നതിനു ജില്ലാ ഭരണകൂടവും പോലീസും കൈകോര്‍ക്കുന്നു. കേരളത്തിലെയും ഇന്ത്യയിലേയും അര്‍ബുദത്തിന്റെ 40 ശതമാനവും പുകയിലയുടെ ഉപയോഗം മൂലമാണെന്ന പഠന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണിത്‌. പുകയില നിയന്ത്രണ നിയമം - കോട്‌പ 2003-ലെ വ്യവസ്ഥകള്‍ പ്രകാരം ജില്ലയെ പുകയില വിമുക്തമാക്കുന്നതിനുള്ള സമയബന്ധിത ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി ജില്ലാ കലക്‌ടര്‍ എം.ജി രാജമാണിക്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുതിയ അധ്യായന വര്‍ഷം തുടങ്ങുന്നതോടെ പോലീസ്‌, വിദ്യാഭ്യാസ,ആരോഗ്യവകുപ്പുകളിലെ ഉദ്യഗസ്ഥനമാരടങ്ങുന്ന പ്രത്യേക സംഘങ്ങള്‍ സ്‌കൂളകളിലും മറ്റും മിന്നല്‍ പരിശോധനകള്‍ നടത്തുകയും 100 വാര ചുറ്റളവില്‍ നിയമം ലംഘിച്ച്‌ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനനടപടികളെടുക്കുകയും ചെയ്യും.മുന്നറിയിപ്പ്‌ ബോര്‍ഡുകള്‍ പോലുള്ള കോട്‌പയിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ അധ്യക്ഷതയില്‍ സ്ഥലത്തെ സ്റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ ഉള്‍പ്പെടയുള്ളവര്‍ അംഗങ്ങളായുള്ള സ്‌കൂള്‍ പ്രോട്ടക്‌ഷന്‍ കമ്മിറ്റിയാണ്‌ ഏറ്റവും താഴത്തെ നിലയിലുള്ള ഘടകം. ജില്ലാ പോലീസ്‌ മേധാവിയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും ജില്ലാ മെഡിക്കല്‍ ഓഫീസറും അംഗങ്ങളായുള്ള ജില്ലാ തല മോണിട്ടറിംഗ്‌ കമ്മിറ്റിയാണ്‌ മധ്യതലത്തിലുള്ളത്‌.അഭ്യന്തര സെക്രട്ടറി അധ്യക്ഷത വഹിക്കുന്ന സമിതിയാണ്‌ ഏറ്റവും മുകളില്‍ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്നത്‌.
ജില്ലയെ പുകയിലരഹിതമാക്കുന്നതിനു എല്ലാ പിന്തുണയും നല്‍കുമെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ കെ.ജി ജെയിംസും റൂറല്‍ എസ്‌പി സതീഷ്‌ ബിനോയിയും ഉറപ്പുനല്‍കി.
പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിലും സ്ഥാപനങ്ങള്‍ക്ക്‌ അകത്തെ നിര്‍ദ്ദിഷ്‌ട സ്ഥലങ്ങളിലും നിശ്ചിത വലപ്പത്തിലും രീതിയിലുമുള്ള സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതാണ്‌. സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാതിരുന്നാല്‍ നടപടി എടുക്കുമെന്നു കമ്മീഷണര്‍ വെളിപ്പെടുത്തി. പോതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവരില്‍ നിന്നും 200 രൂപ പിഴ ഈടാക്കും. പൊതു ഓഫീസുകള്‍, പൊതുഗതാഗത മാര്‍ഗങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ആശുപത്രി മന്ദിരങ്ങള്‍,ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, കോഫീ ഹൗസുകള്‍, പബ്ബുകള്‍,ബാറുകള്‍ ,ജോലി സ്ഥലങ്ങള്‍, റെയില്‍വെ സ്റ്റേഷന്‍ തുടങ്ങിയവ പൊതുസ്ഥലങ്ങളില്‍പ്പെടും.
2013 ജനുവരി മുതല്‍ ഡിസംബര്‍ വരെ ജില്ലയില്‍ സിറ്റി പോലീസും റൂറല്‍ പോലീസും ചേര്‍ന്ന്‌ 16,878പേര്‍ക്കെതിരെ നിയമലംഘനത്തിന്റെ പേരില്‍ പിഴ ചുമത്തുകയോ നടപടി എടുക്കുകയോ ചെയ്‌തിട്ടുണ്ട്‌.